വിതുര: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 520-കിലോ‌ ഗ്രാമ്പൂ വനം വകുപ്പ്, വില്പനനികുതി എൻഫോഴ്സ്മെൻറ് എന്നിവർ ചേർന്ന് പിടികൂടി. വനംവകുപ്പ് കല്ലാർ സെക്ഷനിലെ ആനപ്പാറ ചെക്ക് പോസ്റ്റിലാണ് ചാക്കുകളിൽ നിറച്ച ഗ്രാമ്പൂ പിടിച്ചെടുത്തത്.

രാത്രികാല പരിശോധനയ്ക്കിടെ ഞായറാഴ്ച രാത്രി 11-മണിയോടെ പൊന്മുടി ഭാഗത്തുനിന്നു വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ടെമ്പോ ചരക്കുവാനിൽനിന്നാണ് ഗ്രാമ്പു കണ്ടെത്തിയത്. ഗ്രാമ്പൂ കടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ വനംവകുപ്പിനെ അറിയിച്ചു. തുടർന്നു നടന്ന പരിശോധനയിൽ ജി.എസ്.ടി. ബില്ലോ മറ്റു രേഖകളോ ഇല്ല എന്നു മനസ്സിലാക്കി.

തമിഴ്നാട്ടുകാരനായ പ്രതാപ് എന്ന ഡ്രൈവർ മാത്രമാണ് വണ്ടിയിലുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഗ്രാമ്പൂ ഉള്‍പ്പെടെ കല്ലാർ സെക്ഷൻ വനംവകുപ്പ് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.

content highlights; 520 kg clove seized in aanappara checkpost