ചിറയിൻകീഴ് : ചിറയിൻകീഴ് മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ശിവകൃഷ്ണപുരം വട്ടവിള വിളയിൽ വീട്ടിൽ സുബി(51), സുബിയുടെ ഭാര്യ ദീപ(41), മകൻ അഖിൽ സുബി(17), മകൾ ഹരിപ്രിയ(13) എന്നിവരെയാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവമറിയുന്നത്. സന്ധ്യാസമയമായിട്ടും സുബിയുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെത്തുടർന്ന് അയൽവാസിയായ സ്ത്രീ തുറന്നുകിടന്ന ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന അഖിലിനെ കണ്ടത്. ഇവർ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടി വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മറ്റുള്ളവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചിറയിൻകീഴ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഓരോരുത്തരും ഓരോ മുറിയിലെ റൂഫിലെ ഹുക്കുകളിലാണ് തൂങ്ങിനിന്നത്. സുബിയെ ഹാളിനു സമീപമാണ്‌ കണ്ടെത്തിയത്‌. സാമ്പത്തികബുദ്ധിമുട്ടാണ് ആത്മഹത്യക്കു കാരണമെന്നാണ് നിഗമനം. നാലുപേരുടെയും ആത്മഹത്യാക്കുറിപ്പുകൾ മുറികളിൽനിന്ന് പോലീസ് കണ്ടെടുത്തു.

മറ്റു വിവരങ്ങളടങ്ങിയ ഒരു കവർ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമേ തുറക്കാൻ പാടുള്ളൂവെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. വിദേശത്തായിരുന്ന സുബി രണ്ടു വർഷം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം കഴക്കൂട്ടത്ത് ലോഡ്ജ് കെട്ടിടം വാടകയ്ക്കെടുത്ത് നടത്തിവരികയായിരുന്നു. കൊറോണയെത്തുടർന്നുള്ള ബിസിനസ് മാന്ദ്യമാകാം സാമ്പത്തികബുദ്ധിമുട്ടിനു കാരണമായതെന്നും പോലീസ് പറഞ്ഞു. രണ്ടു മാസമായി ചിറയിൻകീഴിനടുത്ത് കുറക്കടയിൽ പച്ചക്കറിക്കട നടത്തിവരികയായിരുന്നു സുബി. സുബിയുടെ മകൾ ഹരിപ്രിയ പാലവിള ഗവൺമെന്റ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഖിൽ സുബി കൂന്തള്ളൂർ പി.എൻ.എം. എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിദ്യാർഥിയും. ഇവരുടെ വീട്ടിലെ നായയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്‌.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)......

Content Highlight: 4 found dead in Chirayinkeezhu Trivandrum