വർക്കല: വർഷങ്ങളോളം ജീർണാവസ്ഥയിലായിരുന്ന വർക്കല നഗരസഭയുടെ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ടൗൺ ഹാൾ നവീകരണം പുരോഗമിക്കുന്നു. ബലക്ഷയത്താൽ തകർച്ചാഭീഷണിയിലായിരുന്ന ടൗൺഹാളിലെ സ്റ്റേജിന്റെ ഉൾപ്പെടെ തൂണുകൾ ശക്തിപ്പെടുത്തി ആധുനികരീതിയിൽ പുതുക്കിപ്പണിയാനാണ് ശ്രമിക്കുന്നത്. 1.74 കോടി രൂപ ചെലവഴിച്ച് ബഹുവർഷ പദ്ധതിയായാണ് നവീകരണം.

വർക്കലയിലെ സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികൾക്ക് ഉപയോഗിച്ചിരുന്ന ഹാളാണ് വർഷങ്ങളോളം നശിച്ചുകിടന്നത്. ഇടക്കാലത്ത് ഹാൾ പൊളിച്ചുനീക്കുന്നതിനെക്കുറിച്ചുപോലും ആലോചനയുണ്ടായി. 2019 ഒക്ടോബർ രണ്ടിന് ടൗൺഹാളിന്റെ ജീർണാവസ്ഥയെക്കുറിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഒക്ടോബർ 16-ന് നവീകരണത്തിന് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. ആദ്യഘട്ടത്തിന് 66.87 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഹാളിന്റെ മുൻവശവും സ്റ്റേജും നന്നാക്കുകയാണ്. ഒന്നാംഘട്ട നവീകരണ പ്രവൃത്തികൾ പൂർത്തിയായതായി ഭരണസമിതി അറിയിച്ചു.

ഉദ്ഘാടനം 1985-ൽ

:1964-ൽ തറക്കല്ലിട്ട് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ടൗൺഹാൾ 1985-ലാണ് ഉദ്ഘാടനം ചെയ്തത്. പ്രധാന ഹാളിൽ ആയിരത്തോളം ഇരിപ്പിടങ്ങളാണുള്ളത്. വിവാഹം, സാംസ്‌കാരിക പരിപാടികൾ, രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും യോഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഹാൾ ഉപയോഗിച്ചിരുന്നു. ശബ്ദസംവിധാനത്തിലെ പിഴവുകളും മുഴക്കവും ഹാളിൽ സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് തടസ്സമായി. പിന്നീട് ചുവരിൽ കയർമാറ്റ് സ്ഥാപിച്ചായിരുന്നു താത്‌കാലിക പരിഹാരം കണ്ടത്. ഹാളിലേക്കുള്ള കവാടം റോഡിനേക്കാൾ താഴ്ന്നായതിനാൽ മഴപെയ്താൽ വെള്ളം ഹാളിനകത്തെത്തുമായിരുന്നു. ആവശ്യമായ പാർക്കിങ് സൗകര്യമില്ലാത്തതും പോരായ്മയാണ്.