നെയ്യാറ്റിൻകര : കനത്ത മഴയിൽ അതിയന്നൂർ പഞ്ചായത്തിലെ കൊടങ്ങാവിള, കൊച്ചുപള്ളി, ചെമ്പംകുളത്ത് വീടുകളിൽ വെള്ളം കയറി. നാലുദിവസമായി തുടരുന്ന ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിയാത്തതിനെത്തുടർന്ന് എട്ടുവീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ച് പമ്പു ചെയ്തുനീക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് നാലുദിവസം മുൻപാണ് ഈ പ്രദേശത്ത്‌ വെള്ളക്കെട്ടുണ്ടായത്. നാട്ടുകാരുടെ ആവശ്യപ്രകാരം വെള്ളക്കെട്ട് ഒഴിവാക്കാനായി താലൂക്ക് അധികൃതർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തുനീക്കാൻ ശ്രമം തുടങ്ങി. എന്നാൽ വീണ്ടും കനത്ത മഴ പെയ്തതോടെ പ്രദേശം വീണ്ടും വെള്ളക്കെട്ടിലായി.

തുടർന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ട് മോട്ടോറുകൾ ഉപയോഗിച്ചാണ് വെള്ളം പമ്പു ചെയ്തുനീക്കുന്നത്. എന്നാൽ ഇവിടത്തെ ഊറ്റും മുകൾപ്രദേശത്തുനിന്നുള്ള ഒഴുക്കും കാരണം വെള്ളക്കെട്ട് പൂർണമായും നീക്കാനായിട്ടില്ലെന്ന് തഹസിൽദാർ മുരളീധരൻ അറിയിച്ചു.