തിരുവനന്തപുരം : 50 രൂപയുടെ ഒരു ടിക്കറ്റ് എടുത്താൽ 24 മണിക്കൂർ തലസ്ഥാന നഗരിയിൽ യഥേഷ്ടം കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യാം. പുതുതായി ആരംഭിച്ച സിറ്റി സർക്കുലർ ബസുകളിൽ ഗുഡ് ഡേ ടിക്കറ്റ് എന്നപേരിലാണ് പുതിയ സംവിധാനം. 10-15 മിനിറ്റ്‌ ഇടവേളയിൽ ഇരുദിശകളിലേക്കും യാത്രചെയ്യാൻ കഴിയുന്ന വിധത്തിൽ ഏഴ് സർക്കുലർ റൂട്ടുകളാണുള്ളത്. ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. ബസുകൾ തിരിച്ചറിയുന്നതിന് പ്രത്യേകനിറം നൽകിയിട്ടുണ്ട്.

റെഡ്, നീല, ബ്രൗൺ, മജന്ത, മഞ്ഞ, വയലറ്റ്, പച്ച നിറങ്ങളാണ് ബസുകൾക്ക് നൽകിയിട്ടുള്ളത്. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ വ്യാപാര സ്ഥാപനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക റൂട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഇന്റർ ചെയ്ഞ്ചിങ് പോയിന്റുകളുണ്ട്.

ഇവിടെ ഇറങ്ങുന്ന യാത്രക്കാർക്ക് മറ്റു സർക്കുലർ സർവീസുകൾ ലഭിക്കും.

10 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. 15, 20, 25, 30 എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ. രാവിലെ എഴുമുതൽ 11 വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രിഏഴുവരെയും 10-15 മിനിറ്റ്‌ ഇടവേളയിലും തിരക്കുകുറഞ്ഞ സമയങ്ങളിൽ 30 മിനിറ്റ്‌ ഇടവേളകളിലും ബസുണ്ടാകും.

പ്രീ-പെയ്ഡ് ടിക്കറ്റുകൾ വരുന്നു

പ്രീ-പെയ്ഡ് ടിക്കറ്റുകൾ ഡിസംബർ 20ഓടെ നിലവിൽവരും. 50 രൂപയുടെ യാത്രാക്കാർഡിൽ 100 രൂപയ്ക്കു യാത്ര ചെയ്യാം. കാർഡിന്റെ വില ഉൾപ്പെടെ 100 രൂപയുടെ സൗജന്യയാത്രയാണ് ഒരുക്കുന്നത്.

ഈ കാർഡുകൾ ചാർജ് ചെയ്ത് ഉപയോഗിക്കാം. പണം നൽകി ടിക്കറ്റ് എടുക്കേണ്ടതില്ല.

ചില്ലറ ഇല്ലാത്തതിനാൽ ബസിനുള്ളിൽ ഉണ്ടാകാനിടയുള്ള തർക്കം ഒഴിവാക്കാൻ ട്രാവൽ കാർഡുകൾക്ക് കഴിയും.

250 രൂപയ്ക്ക് മുകളിൽ ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും. 1000 രൂപയ്ക്ക് ചാർജ് ചെയ്യുന്നവർക്ക് 1100 രൂപ ലഭിക്കും. 278 ബസ് സ്േറ്റാപ്പുകൾ ബന്ധിപ്പിച്ചാണ് സിറ്റി സർക്കുലർ ബസുകൾ ഓടുക.

എല്ലാ റൂട്ടുകളും ബസ് സ്റ്റോപ്പുകളും പ്രധാന സ്ഥലങ്ങളും ഉൾപ്പെടുത്തിയുള്ള മാപ്പ് ബസ് സ്റ്റോപ്പുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെബ്സൈറ്റ്: https://citycircular.keralartc.com