തിരുവനന്തപുരം : ഡിജിറ്റൽ സർവകലാശാലയിലെ ഓൺലൈൻ റിക്രൂട്ട്‌മെന്റിന് മികച്ച പ്രതികരണം. എം.എസ്‌സി. കംപ്യൂട്ടർ സയൻസ് 2019-2021 ബാച്ചിലെ യോഗ്യതയുള്ള 90 ശതമാനം വിദ്യാർഥികളും മുൻനിര ഐ.ടി. കമ്പനികളിൽ ജോലി നേടി. ശരാശരി ശമ്പളം പ്രതിവർഷം നാലര ലക്ഷവും ഉയർന്ന ശമ്പളം 11.6 ലക്ഷവുമാണ്.

ഡേറ്റാ സയന്റിസ്റ്റ്, േഡറ്റാ അനലിസ്റ്റ്, ഡിജിറ്റൽ മീഡിയ അനലിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ് എൻജിനിയർ, അസോസിയേറ്റ് എൻജിനിയർ-ജി.ഐ.എസ്., അസോസിയേറ്റ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നിങ്ങനെ വിദഗ്‌ധ തസ്തികകളിലേക്കാണ് വിദ്യാർഥികൾക്ക് ജോലി ലഭിച്ചത്.

കാറ്റർപില്ലർ, ടി.സി.എസ്., ഡിലോയ്റ്റ്, എച്ച്. ആൻഡ് ആർ. ബ്ലോക്ക്, ഏണസ്റ്റ് ആൻഡ് യങ്, കോഗ്നിസന്റ്, പ്രിമേര ടെക്‌നോളജീസ്, എർത്ത് അനലിറ്റിക്സ് ഇന്ത്യ, റിഫ്ളക്‌ഷൻസ്, യു.എസ്.ടി. ഗ്ലോബൽ, എ.ബി.ബി. ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങളാണ് കാമ്പസ് റിക്രൂട്ട്‌മെന്റിനായി ഡിജിറ്റൽ സർവകലാശാലയുമായി കൈകോർത്തത്.

2022 ബാച്ചിലേക്കുള്ള റിക്രൂട്ട്‌മെന്റും ആരംഭിച്ചു. മാസം 30,000 രൂപ ലഭിക്കുന്ന ഇന്റേൺഷിപ്പ് മുതൽ 8.5 ലക്ഷം വാർഷിക ശമ്പളമുള്ള ജോലിവരെയാണ് ഇതുവരെ വിദ്യാർഥികൾക്ക് ലഭിച്ചിരിക്കുന്ന വാഗ്ദാനം.

മെഷീൻ ഇന്റലിജൻസ്, ഡേറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ജിയോസ്പേഷ്യൽ അനലിറ്റിക്സ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയ വിദ്യാർഥികൾക്കുള്ള അവസരങ്ങൾ കൂടുന്നതായാണ് സൂചനയെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി.

േകാവിഡ് കാലത്ത് റിക്രൂട്ട്‌മെന്റ് ഓൺലൈനായാണ് നടന്നതെങ്കിലും കുട്ടികൾക്ക് അവസരം ലഭിക്കാൻ അത് തടസ്സമായില്ലെന്ന് സർവകലാശാലാ വി.സി. ഡോ. സജി ഗോപിനാഥ് പറഞ്ഞു.