തിരുവനന്തപുരം: പ്രധാന റോഡുകൾ ഒരുമിച്ച് കുഴിച്ചതിനെത്തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത്, കോർപ്പറേഷൻ എന്നിവയുടെ കീഴിലുള്ള ചെറുതും വലുതുമായ റോഡുകളിലാണ് പണികൾ നടക്കുന്നത്.

തിരക്കുള്ള സമയങ്ങളിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. സാനഡു മുതൽ പനവിള ജങ്ഷൻ വരെയുള്ള കലാഭവൻ മണി റോഡ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറേദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ പൂജപ്പുര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ബേക്കറി ജങ്ഷനിൽ നിന്നും വിമെൻസ്‌ കോളേജിലേക്ക് വരുന്ന റോഡ് തിരക്കുള്ള സമയങ്ങളിൽ വൺവേയാക്കി മാറ്റിയതോടെ തിരിച്ചുപോകേണ്ട വാഹനങ്ങളും വട്ടംചുറ്റേണ്ട സ്ഥിതിയാണ്.

കൈമനത്തുനിന്ന്‌ തിരുവല്ലത്തേക്കു പോകുന്ന റോഡിന്റെ ഒരുഭാഗം മുഴുവൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ചിട്ടിരിക്കുകയാണ്. മഴപെയ്തതോടെ ഇവിടെ വാഹനങ്ങൾ ചെളിയിൽ താഴുന്നത് സ്ഥിരം കാഴ്ചയാണ്. വലിയ വാഹനങ്ങൾ എതിരേ വന്നാൽ അപകടം ഉറപ്പാണ്. ഇതുപോലെ പേട്ട പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതോടെ ഇതുവഴിയുള്ള ഗതാഗതവും ഒരു വശത്തേക്കു മാത്രം ആക്കി. ഇതോടെ തിരക്കുള്ള സമയങ്ങളിൽ പേട്ട മെഡിക്കൽ കോളേജ് റോഡിൽ ആംബുലൻസുകൾക്കുപോലും പോകാനാവാത്ത സ്ഥിതിയായി. ഇവിടെ സംരക്ഷണഭിത്തിയുടെ പണി നടക്കുന്നുണ്ട്.

മാനവീയം വീഥിയിലും നവീകരണ ജോലികൾ നടക്കുകയാണ്. ഇതോടെ വഴുതയ്ക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വെള്ളയമ്പലത്ത് വന്ന് മ്യൂസിയം ഭാഗത്തേക്കു തിരിയണം. പൊതുവേ തിരക്കുള്ള വെള്ളയമ്പലം ജങ്ഷനിൽ നാലുഭാഗത്തും ഒരുപോലെ വാഹനങ്ങൾ കുടുങ്ങിക്കിടക്കും. ശംഖുംമുഖം വലിയതുറ റോഡിന്റെ നവീകരണത്തിന് കൊണ്ടുവന്ന മണ്ണടക്കം കഴിഞ്ഞ ദിവസത്തെ കടൽക്ഷോഭത്തിൽ ഒഴുകിപ്പോയിരുന്നു. ഇതോടെ ഇവിടത്തെ പണി വീണ്ടും മുടങ്ങുന്ന സ്ഥിതിയാണ്. വിമാനത്താവളത്തിലേക്കുള്ളവർ കല്ലുംമൂട് മുട്ടത്തറ വഴി പോകണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഇതുകൂടാതെ നഗരത്തിലെ നാൽപ്പതോളം ചെറിയ റോഡുകളും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നുണ്ട്. ഇതിൽ വഞ്ചിയൂർ മാതൃഭൂമി റോഡ് അടക്കം 13 റോഡുകൾ സ്മാർട്ട് സിറ്റി കമ്പനിയും മറ്റ് പ്രധാന റോഡുകളിലെ പദ്ധതികൾ റോഡ് ഫണ്ട് ബോർഡുമാണ് നടത്തുന്നത്.

വെള്ളയമ്പലം മുതൽ ആയുർവേദ കോളേജുവരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതടക്കമുള്ള പ്രധാന റോഡുകളിലെ പണികൾ ജല അതോറിറ്റിയും ഉടൻ ആരംഭിക്കും.