പനവൂർ : പണി തുടങ്ങിയിട്ട് ഒരുവർഷമായി. എന്നിട്ടും ആറ്റിൻപുറം കൊച്ചുപാലോട് റോഡ് ചെളിക്കളം തന്നെ. പരാതിപറഞ്ഞു മടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നു തിരഞ്ഞെടുപ്പുകാലത്തും വാഗ്ദാനമായിരുന്നു നല്ല റോഡെന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. നാട്ടുകാർക്ക് ചെളിയിൽ പുതഞ്ഞ് യാത്രചെയ്യാനാണ് ഇപ്പോഴും വിധി.

ദീർഘനാളത്തെ ആവശ്യത്തിനൊടുവിലാണ് പനവൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറ്റിൻപുറം കൊച്ചുപാലോട് പനയമുട്ടം റോഡിന്റെ നവീകരണത്തിന് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന്‌ 30- ലക്ഷം അനുവദിച്ചത്. നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരുവർഷം മുമ്പ് റോഡ് ഒട്ടുമിക്ക സ്ഥലവും വെട്ടിപ്പൊളിച്ചു. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുമെന്നാണ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നത്.

എന്നാൽ പണി നീണ്ടുപോവുകയായിരുന്നു. വെട്ടിപ്പൊളിച്ചിട്ട ഭാഗങ്ങൾ വലിയ കുഴികളായി. റോഡിന്റെ പാതിഭാഗവും ചെളിക്കളമായി മാറി.

ഒരു വർഷത്തോളമായി നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ടാറും മെറ്റലും ഇറക്കിയിട്ട്. റോഡു നിർമാണം അനിശ്ചിതത്വത്തിലാണ്. അപകടങ്ങൾ ഇവിടെ പതിവാകുകയാണ്. പനവൂർ, മുതുവിള ഭാഗങ്ങളിൽനിന്ന്‌ പാലോട്ട് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്.