വെള്ളറട : കനത്ത മഴയിൽ വാഴിച്ചൽ നുള്ളിയോടും നെല്ലിക്കാമലയുടെ അടിവാരത്തും മണ്ണിടിച്ചിലുണ്ടായി. കുടപ്പനമൂട്ടിൽ കടകളിലും ഇരുപതോളം വീടുകളിലും വെള്ളം കയറി. നുള്ളിയോട് കവലയ്ക്ക് സമീപത്താണ് കുന്നിടിഞ്ഞ് വീണത്. ഇതോടെ വാഴിച്ചൽ നുള്ളിയോട് റൂട്ടിലെ വാഹനഗതാഗതം തടസ്സപ്പെട്ടു.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ നെല്ലിക്കാമലയുടെ അടിവാരത്തുനിന്ന് അധികമായി ഒഴുകിയെത്തിയ വെള്ളം കുടപ്പനമൂട്ടിലെ താഴ്ന്നപ്രദേശങ്ങളിലേക്ക് ഇരച്ചുകയറുകയായിരുന്നു. സമീപത്തെ തോടുകളും നിറഞ്ഞു. നുള്ളിയോട് റോഡിനോടു ചേർന്ന കുന്നിന്റെ ഭാഗമാണ് തകർന്നുവീണത്. അപകടസാധ്യത മുൻനിർത്തി വാഴിച്ചൽ വിലങ്ങുമല നിവാസികളെയും വെള്ളം കയറിയ വീടുകളിലുള്ളവരെയും വാഴിച്ചൽ പാരിഷ് ഹാളിൽ സജ്ജമാക്കിയ ദുരിതാശ്വാസകേന്ദ്രത്തിലേക്കു മാറ്റി.

പോലീസും ഫയർ ഫോഴ്‌സ് സംഘവും സ്‌ഥലത്തെത്തി. വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ കത്തിപ്പാറ, ചങ്കിലി തോടും നിറഞ്ഞൊഴുകി. മഴ തുടർന്നാൽ സമീപത്തെ വീടുകളും വെള്ളപ്പൊക്കഭീഷണിയിലാകുമെന്നതിനാൽ വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ വെള്ളം കയറി.

ടാറിടലിനായി ഒരുക്കിയിരുന്ന മലയോര ഹൈവേയുടെ കോവില്ലൂർ മണലി ഭാഗത്ത് റോഡ് താറുമാറായി.

ഒരു വശത്തെ മൺതിട്ട റോഡിലേക്ക് ഇടിഞ്ഞുവീണു.

കരുംകുളത്ത് ക്ഷേത്രവും ആശുപത്രിയും വെള്ളത്തിൽ

പൂവാർ : മഴ കനത്തതോടെ കരുംകുളം ശിവക്ഷേത്രവും ആയുർവേദ ആശുപത്രിയും വെള്ളക്കെട്ടിലായി. ശിവക്ഷേത്രത്തിൽ മൂന്നടിയിലധികം വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതേ അവസ്ഥതന്നെയാണ് സർക്കാർ ആയുർവേദ ആശുപത്രിയിലും.

ഞായറാഴ്ച വൈകീട്ടോടെ കനത്തമഴ തുടങ്ങിയതിനാൽ പ്രദേശത്താകെ വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ വിഴിഞ്ഞം-പൂവാർ റോഡിന് സമാന്തരമായി നിർമിച്ചിട്ടുള്ള അഴുക്കുചാലിലെ വെള്ളമാണ് കരയിലേക്കു കയറിയത്.

അഴുക്കുചാലിൽനിന്ന്‌ വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള പദ്ധതി വിജയിക്കാത്തതിനാൽ മഴക്കാലത്ത് പ്രദേശമാകെ വെള്ളക്കെട്ടിന്റെ പിടിയിലാണ്. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ളതാണ് കരുംകുളം ശിവക്ഷേത്രം. ക്ഷേത്രത്തിൽ വെള്ളം കയറിയതിനാൽ ഭക്തർക്ക് ക്ഷേത്രത്തിൽ വരാനാവുന്നില്ല. ഇവിടുത്തെ ആയുർവേദ ആശുപത്രിയിലും വെള്ളക്കെട്ടു കാരണം രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിക്കാനാകുന്നില്ല.