തിരുവനന്തപുരം : കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഹർത്താൽ ജില്ലയിൽ പൂർണം. നേമം പള്ളിച്ചലിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചതൊഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. പൊതുവാഹനങ്ങളും ഓട്ടോ, ടാക്സി നിരത്തിലിറങ്ങിയില്ല. കടകൾ തുറന്നില്ല.

പള്ളിച്ചൽ അയണിമൂട്ടിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പ് അടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികൾ സ്ത്രീയടക്കം മൂന്ന് ജീവനക്കാരെ ആക്രമിച്ചു. തുടർന്ന് പമ്പ് അടയ്ക്കുകയും ചെയ്തു. നരുവാമൂട് പോലീസ് കേസെടുത്തു. പമ്പിന്റെ ചുതലയുള്ള ഹരി, മാനേജർ ഷൈൻ, ജീവനക്കാരി രഞ്ജുഷ എന്നിവർക്കാണ് മർദനമേറ്റത്.

പാപ്പനംകോട് വ്യവസായ എസ്റ്റേറ്റിൽ തുറന്നു പ്രവർത്തിച്ച വ്യവസായ സ്ഥാപനങ്ങൾ സമരാനുകൂലികളെത്തി അടപ്പിച്ചു. നെയ്യാറ്റിൻകരയിൽ പൊതുമേഖലാ ബാങ്കുകളും അടപ്പിച്ചു. ആറ്റിങ്ങൽ അയിലത്ത് തൊഴിലുറപ്പ് ജോലിക്കെത്തിയവരെ പ്രതിഷേധക്കാർ തടഞ്ഞു. പോലീസെത്തിയെങ്കിലും ജോലിക്കെത്തിയവർ മടങ്ങിപ്പോയിരുന്നു. കാര്യവട്ടത്ത് രാവിലെ സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ആങ്കോട് സർവീസ് സഹകരണ ബാങ്ക് തുറന്നെങ്കിലും ഡയറക്ടർമാരുടെ നേതൃത്വത്തിൽ അടപ്പിച്ചു.

മെഡിക്കൽ കോളേജ്, ആർ.സി.സി. തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമാണ് കെ.എസ്.ആർ.ടി.സി. പോലീസ് അകമ്പടിയോടെ സർവീസ് നടത്തിയത്.

ദീർഘദൂര സർവീസുകളൊന്നും ഓടിയില്ല. പെട്രോൾ പമ്പുകൾ ഭൂരിഭാഗവും തുറന്നുപ്രവർത്തിച്ചു. സർക്കാർ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സെക്രട്ടേറിയറ്റും പ്രവർത്തിച്ചില്ല. എന്നാൽ, സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തി.

ചില ഹോട്ടലുകൾ ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണം നടത്തി. ചാലയും പാളയവും അടക്കമുള്ള ചന്തകളും പ്രവർത്തിച്ചില്ല. മത്സ്യവിൽപ്പനയും ഉണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. അപൂർവമായി ഓട്ടോകളും ടാക്സികളും ഓടി. റെയിൽവേ സ്റ്റേഷനിലത്തിയ യാത്രക്കാർ വാഹനങ്ങൾ കിട്ടാതെ വലഞ്ഞു. സെക്രട്ടേറിയറ്റ്, രാജ്ഭവൻ, തുടങ്ങിയവയ്ക്ക് മുന്നിലും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണകൾ നടന്നു.