വിതുര : മഴ ശക്തമായതോടെ വെള്ളക്കെട്ടാകുന്ന റോഡുകളും മണ്ണിടിച്ചിലും മലയോരമേഖലയ്ക്ക് ഭീഷണിയാകുന്നു. രണ്ടുദിവസമായി തുടരുന്ന മഴയ്ക്കൊപ്പം ശക്തമായി കാറ്റുവീശിയതും ജനജീവിതം ദുസ്സഹമാക്കി. വിതുര, തൊളിക്കോട്, നന്ദിയോട് പഞ്ചായത്തുകളിലെ പല റോഡുകളും വെള്ളക്കെട്ടുകളായത് ഗതാഗതത്തെ ബാധിച്ചു.

ഞായറാഴ്ച രാവിലെ തുടങ്ങിയ മഴ രാത്രിയോടെ ശക്തമായി. വാമനപുരമാറ്റിൽ ജലനിരപ്പ് ഉയർന്നു. കല്ലാർ കരകവിഞ്ഞൊഴുകി. മണിക്കൂറുകൾ കഴിഞ്ഞിട്ടും തോരാതെ നിന്നതോടെയാണ് പലയിടത്തും വെള്ളക്കെട്ടായത്. താഴ്ന്ന സ്ഥലങ്ങളിലെ പുരയിടങ്ങളിൽ വെള്ളം കയറി. ചിലയിടങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. വാമനപുരം ആറ്റിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. ഇടറോഡുകളിലെ ചെറിയ പാലങ്ങളിലും വെള്ളം കയറി. മഴയും കാറ്റും ശക്തമായതോടെ താലൂക്കാശുപത്രി വളപ്പിലെ പാർക്കിങ് ഗ്രൗണ്ടിൽ നിൽക്കുന്ന മരവും വിതുര പൊന്മുടി റോഡു വക്കിലും നിൽക്കുന്ന മരങ്ങളും അപകടഭീഷണിയാകുന്നു.

ചെറ്റച്ചൽ നന്ദിയോട് റോഡുവക്കിലെ മരങ്ങളും അപകടകരമായ അവസ്ഥയിലാണ്. കാലങ്കാവ്, നവോദയ തുടങ്ങിയ സ്ഥലങ്ങളിലെ മരങ്ങളും ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. മണ്ണിടിച്ചുമാറ്റിയതോടെ വേരുകൾ പുറത്തായ നിരവധി മരങ്ങൾ ജഴ്സിഫാം വളപ്പിലുണ്ട്. മലയോരത്തെ ആദിവാസിമേഖല മഴ മണ്ണിടിപ്പേടിയിലാണ്. വിതുരപ്പഞ്ചായത്തിലെ കല്ലാർ, ആനപ്പാറ, തലത്തൂതക്കാവ്, കല്ലൻകുടി, അലത്താര, കൊമ്പുരാൻകല്ല് തുടങ്ങിയ പ്രദേശങ്ങളും തൊളിക്കോട്ടെ ചെട്ടിയാംപാറ, പൊൻപാറ, മേത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും ഭീതിയിലാണ്.

ഗ്രാമീണറോഡുകൾ വെള്ളക്കെട്ടായതാണ് മലയോരമേഖല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. വിതുര കലുങ്ക്, ശിവൻകോവിൽ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് പതിവാണ്. മരുതുമ്മൂട് -ആനപ്പെട്ടി റോഡിലെ പരപ്പാറയിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. അശാസ്ത്രീയ നിർമാണരീതിയും ഓട, കലുങ്ക് എന്നിവയില്ലാത്തതുമാണ് ഈ ദുരിതം ഇരട്ടിയാക്കുന്നത്‌.

കുറ്റിച്ചലിൽ മരം കടപുഴകി

കാട്ടാക്കട : കനത്ത മഴയിൽ സ്കൂൾമുറ്റത്തു നിന്ന കൂറ്റൻ മരം റോഡിലേക്കു കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ പ്രൈമറി സെക്‌ഷനു മുന്നിൽ നിന്ന മരമാണ് തിങ്കളാഴ്ച രാവിലെ കടപുഴകിയത്. മരം കുറുകെ വീണതോടെ കാട്ടാക്കട-കുറ്റിച്ചൽ റോഡിലെ ഗതാഗതവും വൈദ്യുതക്കമ്പി പൊട്ടിയതിനാൽ വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. നെയ്യാർഡാം അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഹർത്താലായതിനാൽ റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലായിരുന്നതിനാൽ ആളപായമില്ല. കാട്ടാക്കട പുനലാൽ ചാക്കിപാറ റോഡിലും മരം കടപുഴകി.