തിരുവനന്തപുരം : മണ്ണുനീർകോരൽ ചടങ്ങോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ താന്ത്രികച്ചടങ്ങുകൾക്കു തുടക്കമായി. ബുധനാഴ്ച വൈകീട്ട് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽനിന്ന് നവധാന്യമുളപൂജയ്ക്കായി മണ്ണുനീർ വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെത്തിച്ചു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മണ്ണിൽ നവധാന്യങ്ങൾ വിതറി. വ്യാഴാഴ്ച മുതൽ നവംബർ ഒന്നുവരെ അടിയന്തര പൂജയും കലശാഭിേഷകവും ഹോമവും നടക്കും.

വെള്ളിയാഴ്ച ശുദ്ധി, പഞ്ചകം, ധാര എന്നിവ നടക്കും. 31-ന് വൈകീട്ട് 6.30-ന് 365 സ്വർണക്കുടങ്ങളിൽ ജലം നിറച്ച് ബ്രഹ്മകലശപൂജയും ഒന്നിന് രാവിലെ 6.30 മുതൽ ബ്രഹ്മകലശാഭിഷേകവും നടക്കും. തുടർന്ന് 8.30 മുതൽ കൊടിയേറ്റിനുള്ള താന്ത്രികച്ചടങ്ങുകൾ പൂർത്തീകരിച്ചുകൊണ്ടുള്ള ചടങ്ങ് നടക്കും. രണ്ടിന് രാവിലെ 8.45-ന് തൃക്കൊടിയേറ്റ്. നവംബർ പത്തിനാണ് പള്ളിവേട്ട. 11-ന് തിരു ആറാട്ടോടെ ഉത്സവം സമാപിക്കും.