പോത്തൻകോട് : വേങ്ങോട് ജങ്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിന് അപകടഭീഷണിയായി മരങ്ങൾ. കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ ഒരു മരം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാത്തിരിപ്പുകേന്ദ്രത്തിനു മുകളിലേക്ക്‌ ചരിഞ്ഞനിലയിലാണ്. ഏതുനിമിഷവും മരം നിലംപതിക്കാവുന്ന അവസ്ഥയാണ്.

കാത്തിരിപ്പുകേന്ദ്രത്തിനു മുകളിലൂടെ മരം വീഴുകയാണെങ്കിൽ കാത്തിരിപ്പുകേന്ദ്രം പൂർണമായും തകരും.

മരം പകുതിയിൽ ചരിഞ്ഞതോടെ യാത്രക്കാർ വാഹനം കാത്തുനിൽക്കുന്നത് കാത്തിരിപ്പുകേന്ദ്രത്തിന് പുറത്താണ്.

മരങ്ങൾ അപകടഭീഷണി ആയതോടെ നാട്ടുകാർ യാത്രക്കാർ പ്രവേശിക്കാതിരിക്കാൻ കയറുകെട്ടി തിരിച്ചിരിക്കുകയാണ്. പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ വരുന്നതാണ് ഈ പ്രദേശം.

നിരവധിതവണ നാട്ടുകാർ പരാതി പറഞ്ഞിട്ടും മരം മുറിച്ചുമാറ്റാൻ നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അപകട ഭീഷണിയായ മരങ്ങൾ രണ്ടുദിവസത്തിനകംതന്നെ മുറിച്ചു മാറ്റുവാനുള്ള നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ പറഞ്ഞു.