തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ പ്രതിേഷധിച്ച് നിയമസഭാ വളപ്പിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചില്ല. ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.

കോടതി പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് പ്രവർത്തകരെ റിമാൻഡ്‌ ചെയ്തത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ എസ്.നായർ, ജില്ലാ ഭാരവാഹികളായ അഖില, സജനാ, സുബിജ, അനുഷ്മ, ഷാനി എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തത്.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എം.പി., എം.എൽ.എ.മാരായ എം.വിൻസെന്റ്, എ.പി.അനിൽകുമാർ, അൻവർ സാദത്ത്, കെ.കെ.രമ, സി.ആർ.മഹേഷ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബൽറാം തുടങ്ങിയവർ ജയിലിൽ പ്രവർത്തകരെ സന്ദർശിച്ചു.