കാട്ടാക്കട : പ്രവാസിയുടെ വീട്ടിൽ നിന്നും അഞ്ചുപവനോളം ആഭരണവും ലാപ്ടോപ്പും വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു. പൂവച്ചൽ പുന്നാംകരിക്കകം ജമീലാ മൻസിലിൽ നജുമുദീന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയിൽ വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കത്തിന് മോഷണം നടന്നത്.

ബുധനാഴ്ച രാവിലെ ഇവരെത്തിയപ്പോൾ മുൻവാതിൽ പൊളിഞ്ഞ നിലയിൽ കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണം സ്ഥിരീകരിച്ചത്. പ്രധാന വാതിൽ പൊളിച്ച് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന് അഞ്ച് പവനോളം ആഭരണങ്ങൾ, കുറച്ച് വെള്ളി ആഭരണങ്ങൾ, രണ്ട് ലാപ്‌ടോപ്പുകൾ എന്നിവ എടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

അടുക്കള ഉൾപ്പെടെ വീട്ടിലെ എല്ലായിടത്തെയും അലമാരകളും മേശകളും കുത്തിത്തുറന്ന് പരിശോധിച്ച ശേഷം സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. കാട്ടാക്കട പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.