തിരുവല്ലം : ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറോടിച്ചിരുന്നയാൾ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. കാർ കത്തി തീയും പുകയും പടർന്നതോടെ നാട്ടുകാരും തടിച്ചുകൂടി. ബുധനാഴ്ച രാവിലെ 7.45- ഓടെ പരുത്തിക്കുഴി-കുമരിച്ചന്ത ബൈപ്പാസ് റോഡിലാണ്‌ സംഭവം. ബൈപ്പാസ് റോഡിലെ സർവീസ് റോഡിനോട് ചേർന്ന് പെട്രോൾ പമ്പുമുണ്ടായിരുന്നതിനാൽ നാട്ടുകാർക്ക് ആശങ്കയേറി. തിരുവല്ലത്ത് നിന്ന് ഈഞ്ചക്കൽ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കുമരിച്ചന്ത ഭാഗത്ത് നിന്ന് മുന്നോട്ടു പോകവെ കാറിനുള്ളിൽ ചൂട് അനുഭവപ്പെട്ടതായി കാറോടിച്ചിരുന്ന നന്തൻകോട് സ്വദേശി ജാക്കിൻ പറഞ്ഞു. പെട്ടെന്ന് കാർ നിർത്തി ഇറങ്ങി പുറത്തേക്ക് ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.

കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ആശങ്കയെ തുടർന്ന് സംഭവസ്ഥലത്ത് നിന്ന് മൊബൈൽ ഫോണുകളിൽ ദൃശ്യം പകർത്തുകയായിരുന്നവരെ പൂന്തുറ പോലീസെത്തി നീക്കി. ഈ റോഡിലൂടെ വരികയായിരുന്ന മറ്റുവാഹനങ്ങളെ പോലീസ് മുന്നോട്ട് കടത്തിവിട്ടില്ല. ഇതോടെ ബൈപ്പാസിൽ വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്. തുടർന്ന് ചാക്ക അഗ്നിരക്ഷാസേനയെത്തി വെള്ളവും പതയുമുൾപ്പെട്ട മിശ്രിതം തളിച്ച് തീയണച്ചു.

അസി.സ്റ്റേഷൻ ഓഫീസർ സുരേഷ് ഫ്രാൻസിസ്, സീനിയർ ഫയർ ഓഫീസർ കെ.ജി.സുരേഷ്, സേനാംഗങ്ങളായ ആദർശ് നാഥ്, രഞ്ചിത്ത്, മനു, ശ്രീകാന്ത്, വിപിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്‌.