തിരുവല്ലം : അമിതവേഗത്തിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബൈപ്പാസിലെ ബാരിക്കേഡിനടിയിൽപ്പെട്ട് യാത്രികന് ഗുരുതര പരിക്കേറ്റു.

നാട്ടുകാരെത്തി ഇയാളെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇതേ കാർ നിയന്ത്രണംവിട്ട് അതുവഴി പോകുകയായിരുന്ന വാഹനങ്ങളെ ഇടിച്ചശേഷം കടന്നുപോയി.

ഇതേത്തുടർന്ന് ഇടിയേറ്റ വാഹനങ്ങളിലുള്ളവർ പിന്നാലെയെത്തി പരുത്തിക്കുഴി ഭാഗത്തുവച്ച് കാറിനെ വളഞ്ഞിട്ടു പിടികൂടി. തുടർന്ന് പുറത്തിറക്കി മർദിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹൈവേ പട്രോളിങ് പോലീസ് വാഹനമെത്തി ഇവരെ നാട്ടുകാരിൽനിന്ന് രക്ഷപ്പെടുത്തി തിരുവല്ലം സ്റ്റേഷനിലെത്തിച്ചു.

കാറിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി ഋതിക്(21), ഇയാളുടെ സുഹൃത്ത് കവടിയാർ സ്വദേശി അഭിലാഷ്(22) എന്നിവരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കാറും പിടിച്ചെടുത്തു. ബുധനാഴ്ച വൈകീട്ട് 7.30 ഓടെ വാഴമുട്ടം സിഗ്നൽ കഴിഞ്ഞുള്ള ബൈപ്പാസിലാണ് സംഭവം.

കോവളം ഭാഗത്ത് നിന്ന് വരുകയായിരുന്ന ഇവരുടെ കാർ, തൊട്ടുമുമ്പേ കടന്നുപോയ രണ്ട് ബൈക്കുകളെ ഇടിച്ചിരുന്നു. കാറോടിച്ച യുവാവും സുഹൃത്തും മദ്യപിച്ചിരുന്നതായി തിരുവല്ലം പോലീസ് അറിയിച്ചു.