വെള്ളറട : കുനിച്ചി കൊണ്ടകെട്ടി മലയടിവാരത്തിൽ സർക്കാർ പുറമ്പോക്കു വസ്തു കൈയേറി അനധികൃതമായി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ വെള്ളറട വില്ലേജോഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. തണൽവേദി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരൻ കുടപ്പനമൂട് അധ്യക്ഷനായി. മലയടിവാരത്തിൽ മാസങ്ങളായി നടക്കുന്ന അനധികൃത കൈയേറ്റത്തിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന് സമരക്കാർ ആരോപിച്ചു. കൈയേറ്റമൊഴിപ്പിച്ച് സർക്കാർ വസ്തു അളന്നു തിട്ടപ്പെടുത്തി കല്ലിട്ടു തിരിച്ചില്ലെങ്കിൽ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പു നൽകി