കിളിമാനൂർ : ആറ്റിങ്ങൽ മണ്ഡലത്തിലെ 24 പട്ടികജാതി കോളനികളിൽ കുടിവെള്ളപദ്ധതി സ്ഥാപിക്കുന്നതിന് 1.54 കോടി രൂപ അനുവദിച്ചു. കിളിമാനൂർ, പഴയകുന്നുമ്മേൽ, ഒറ്റൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിലെ വിവിധ കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ സമ്പൂർണ കുടിവെള്ളപദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് ബി.സത്യൻ എം.എൽ.എ. പറഞ്ഞു.

കിളിമാനൂർ പഞ്ചായത്തിലെ ഒൻപത് കോളനികളിൽ 54 ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതികൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് കിളിമാനൂർ തോപ്പിൽ കോളനിയിൽ തുടക്കമായി. ബി.സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് എസ്.രാജലക്ഷ്മി അമ്മാൾ അധ്യക്ഷയായി. കണ്ണയംകോട്, പനപ്പാംകുന്ന് പേരയിൽ, കിളിക്കോട്ട് കോണം, ചൂട്ടയിൽ, വാലഞ്ചേരി, കെ.കെ.ജങ്ഷൻ, മഠത്തിൽപണ, തോപ്പിൽ നോർത്ത്, തോപ്പിൽ സൗത്ത് കോളനികളിലാണ് പദ്ധതികൾ സ്ഥാപിക്കുന്നത്. വരുംദിവസങ്ങളിൽ മറ്റു കോളനികളിലെ പദ്ധതിയുടെ നിർമാണവും ആരംഭിക്കും. ജല അതോറിറ്റി എക്സി. എൻജിനീയർ ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. എ.ദേവദാസ്, ഷാജുമോൾ, എൻ.ലുപിത, എം.വേണുഗോപാൽ, അസി. എൻജിനീയർ നാസർ എന്നിവർ സംസാരിച്ചു.