നെടുമങ്ങാട് : റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ശരിയായ വിവരങ്ങൾ കൂട്ടിച്ചേർക്കാനും ഉപഭോക്താവിന് സുവർണാവസരമൊരുക്കി പൊതുവിതരണ വകുപ്പ് 'തെളിമ' പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ആദ്യപടിയായി റേഷൻ കടകളിൽ 'തെളിമ' എന്ന പേരിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചു. പരാതി, കാർഡിന്റെ കോപ്പി, ആധാറിന്റെ പകർപ്പ് എന്നിവ പെട്ടിയിലിട്ടാൽ മതി.

15-ദിവസത്തിനകം അത് പരിഗണിച്ച് പരിഹാരം ഉണ്ടാകും. ആധാർനമ്പർ റേഷൻകാർഡിൽ ചേർക്കുക, കാർഡ് ഉടമകളുടെ പേരിലെ തെറ്റ്, കാർഡുമായുള്ള ബന്ധം, എൽ.പി.ജി, വൈദ്യുതി കണക്ഷൻ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഇപ്പോൾ തിരുത്താം. കൂടാതെ റേഷൻകാർഡിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച വിവരങ്ങളും ഡിപ്പോ ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതിപ്പെട്ടിയിലിടാം.

പെട്ടി പൂട്ടി റേഷനിങ് ഇൻസ്പെക്ടർ താക്കോൽ സൂക്ഷിക്കണം. എല്ലാ ആഴ്ചയും അവസാനത്തെ പ്രവൃത്തി ദിവസം റേഷനിങ് ഇൻസ്‌പെക്ടർമാർ റേഷൻ കടകളിലെത്തി പെട്ടി പരിശോധിച്ച് പരാതികൾ ശേഖരിച്ച് താലൂക്ക് സപ്ലൈ ഓഫീസർക്ക് കൈമാറും.

പരാതികൾ എ.ആർ.ഡി.തല വിജിലൻസ് കമ്മിറ്റിയാണ് പരിശോധിക്കുന്നത്. നവംബർ 15-മുതൽ ഡിസംബർ 15-വരെയാണ് പരാതി സമർപ്പിക്കാനുള്ള സമയം.