മംഗലപുരം : യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിക്ക്‌ സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ മംഗലപുരം എസ്.ഐ. തുളസീധരൻ നായരെ സർവീസിൽനിന്ന്‌ സസ്പെൻഡ് ചെയ്തു.

വകുപ്പുതല അന്വേഷണത്തിനും ഡി.ഐ.ജി. ഉത്തരവിട്ടു. ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണച്ചുമതല. ആരോപണത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുഡിൻ മംഗലപുരം സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.

ഡി.ഐ.ജി.യുടെ സന്ദർശനത്തിനു പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘവും സ്റ്റേഷനിലെത്തി പരിശോധന നടത്തി. എസ്.ഐ.യുടെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ 21-ാണ് കണിയാപുരത്ത് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോയ അനസ് എന്ന യുവാവിനെ മസ്താൻ മുക്ക് സ്വദേശിയായ ഫൈസൽ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത്.

അനസിന്റെ ബന്ധുക്കൾ മംഗലപുരം സ്റ്റേഷനിൽ പരാതിയുമായി എത്തി. എന്നാൽ, കഠിനംകുളം പോലീസ് അതിർത്തിയിലാണ് സംഭവം നടന്നതെന്നു പറഞ്ഞ് മംഗലപുരം പോലീസ് പരാതി സ്വീകരിച്ചില്ല.

ഇതിനിടെ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു ദിവസത്തിനു ശേഷം മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് എസ്.ഐ. കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനമേറ്റ യുവാവിന്റെ മൊഴിപോലും രേഖപ്പെടുത്താതെ, പിടിയിലായ പ്രതി ഫൈസലിനെ നിസ്സാര വകുപ്പുകൾ ചുമത്തി വളരെ വേഗം സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നു.

2018-ൽ മംഗലപുരം സ്റ്റേഷനിൽ കൊലപാതകശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിൽ വാറണ്ടുള്ള പ്രതിയാണ് ഫൈസൽ. അറസ്റ്റ് വാറണ്ട് നിലനിൽക്കേയാണ് അനസിനെ മർദ്ദിച്ച കേസിൽ ഫൈസലിന് ജാമ്യം നൽകിയത്. സംഭവം വിവാദമായതോടെയാണ് എസ്.ഐ.ക്കെതിരേ പ്രാഥമികാന്വേഷണം നടന്നത്.