തിരുവനന്തപുരം : മൺപാത്ര നിർമാണ സമുദായങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള മൺപാത്ര നിർമാണ സമുദായ സഭ(കെ.എം.എസ്.എസ്.) നേതാക്കൾ സെക്രട്ടേറിയറ്റ് ധർണ നടത്തി. എൻ.സി.പി. സംസ്ഥാന പ്രസിഡന്റ്‌ പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. മൺപാത്ര നിർമാണ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ട ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷനായി. എം.എൽ.എ.മാരായ എം.വിൻസെന്റ്, വി.ശശി, കെ.ആൻസലൻ, മുൻമന്ത്രി നീലലോഹിതദാസൻ നാടാർ, കെ.എം.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, എസ്.സുരേഷ്, കെ.ജയകുമാർ, പി.രാമഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ജോലി സംവരണം, ക്ഷേമനിധി പെൻഷൻ എന്നിവ നടപ്പാക്കുക, അതിപിന്നാക്കക്കാരുടെ ജോലിസംവരണ ശതമാനം ഉയർത്തുക, പരമ്പരാഗത പട്ടികയിൽ ഉൾപ്പെടുത്തുക, മൺപാത്ര സൊസൈറ്റികളുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.