കനാൽ വഴി വെള്ളവും തുറന്നുവിടുന്നില്ല
കനാൽ നവീകരണം വൈകുന്നു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര താലൂക്ക് പ്രദേശത്ത് ജലസേചനത്തിനായി നിർമിച്ച നെയ്യാർ ഇടത്, വലതുകര കനാലുകൾ കാടുകയറി നശിക്കുന്നു. ജലസേചനത്തിനായി മാത്രം നിർമിച്ച കനാൽ വഴി വെള്ളം യഥാസമയങ്ങളിൽ തുറന്നുവിടാത്തതു കാരണം കർഷകരും ദുരിതത്തിലാണ്. കനാൽ നവീകരണം വർഷങ്ങളായി നടപ്പിലാക്കുന്നില്ല.
നെയ്യാറ്റിൻകര താലൂക്ക് പ്രദേശത്ത് കാർഷിക ആവശ്യത്തിനായാണ് നെയ്യാർ വലത്, ഇടതുകര കനാലുകൾ നിർമിച്ചത്. വയലുകളിലും കരപ്രദേശത്തും കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായാണ് കനാൽ നിർമിച്ചത്. കനാലിലൂടെ വെള്ളം തുറന്നുവിടുന്നതു കാരണം കാർഷിക ആവശ്യത്തിനു മാത്രമല്ല, വെള്ളം ഒഴുകിപ്പോകുന്ന പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയർത്താനും കഴിയും.
നെയ്യാർ നദിയുടെ വലതും ഇടതും കരകളിലായി നിർമിച്ച കനാലിന് നൂറിലേറെ കിലോമീറ്റർ ദൈർഘ്യമുണ്ട്. മെയിൻ കനാലും സബ് കനാലും ബ്രാഞ്ച് കനാലുമായി താലൂക്ക് പ്രദേശത്താകെ നെയ്യാർ കനാൽ വഴി വെള്ളമെത്തിക്കാൻ കഴിയും. കർഷകർക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമായ നെയ്യാർ ഇന്ന് കാലാകാലങ്ങളിലായുള്ള നവീകരണം നടത്താതെ നശിക്കുകയാണ്. മണ്ണും ചെളിയും നിറഞ്ഞ കനാലിന്റെ പലഭാഗത്തും പാഴ്‌ച്ചെടികൾ വളർന്ന് കാടായ നിലയിലാണ്. കനാലിന്റെ പലഭാഗത്തും പാർശ്വഭിത്തി തകർന്ന നിലയിലാണ്.
എല്ലാ വർഷവും തൊഴിലുറപ്പു പദ്ധതി പ്രകാരം കനാലിലെ കാട് വെട്ടിത്തെളിക്കാറുണ്ട്. എന്നാൽ, ഇക്കുറി കാട് വെട്ടിത്തെളിക്കലുമില്ലാതായി.
അതിയന്നൂർ ബ്ലോക്ക് ഓഫീസിനു സമീപത്തെ വലതുകര കനാലിൽ വലിയ പാഴ്മരങ്ങൾ വളർന്നനിലയിലാണ്. കനാൽ വഴി വെള്ളം തുറന്നുവിടാത്തതു കാരണം കനാലിൽ മാലിന്യങ്ങൾ കൊണ്ടുതള്ളുകയാണ്.
നെയ്യാർ കനാലിനെ ആശ്രയിച്ച് ജലസേചനം നടത്തുന്ന പഞ്ചായത്താണ് അതിയന്നൂർ. ഇവിടത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് ഉയർത്തുന്നത് നെയ്യാർ കനാൽ വഴി വെള്ളം തുറന്നുവിടുമ്പോഴാണ്. എന്നാൽ, ഇവിടെ കനാൽ വഴി വെള്ളം തുറന്നുവിടാറില്ല. അതിയന്നൂർ പഞ്ചായത്തിൽ പാടശേഖരങ്ങളിലെ കൃഷിക്കൊപ്പം കരപ്രദേശത്തെ കൃഷി നടത്തുന്നുണ്ട്. നെയ്യാർ കനാൽ വഴി വെള്ളം തുറന്നുവിടാത്തതു കാരണം കരപ്രദേശത്തെ കർഷകർ ദുരിതത്തിലാണ്.
നെയ്യാർ കനാൽ അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
കനാലിലെ കാടുകൾ വെട്ടിത്തെളിച്ച് വെള്ളം തുറന്നുവിടാൻ നടപടി സ്വീകരിക്കണമെന്ന് കർഷക സമിതികളുടെ പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ ആവശ്യപ്പെട്ടു. കനാൽ നവീകരണം അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.