തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കർക്കടകത്തിൽ പതിവുള്ള നിറപുത്തിരിക്ക് പുത്തരിക്കണ്ടത്തെ ഇത്തിരിപ്പാടം കതിരണിഞ്ഞു.

നൂറ്റാണ്ടുകളായി ക്ഷേത്രാവശ്യത്തിനുള്ള നെല്ല് വിളയിച്ചിരുന്നത് പുത്തരിക്കണ്ടത്തിലാണ്. കണ്ടം മൈതാനത്തിനു വഴിമാറിയപ്പോൾ കൃഷി നിലച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ചെറിയതോതിൽ നടന്നിരുന്ന കൃഷി രണ്ടുവർ ഷം നിലച്ചിരുന്നു. ഇക്കുറി വീണ്ടും കൃഷി നടത്തി.

നഗരസഭയുടെ ആവശ്യപ്രകാരം കുടപ്പനക്കുന്ന് കൃഷിഭവനാണ് പുത്തരിക്കണ്ടം മൈതാനത്തിന്റെ ഏറ്റവും പിന്നിലുള്ള 15 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയത്. ‘മനുരത്‌ന’ എന്ന വിത്താണ് വിതച്ചത്. ഏപ്രിലിൽ നിലമൊരുക്കി കൃഷി തുടങ്ങി. മാസങ്ങൾക്കിപ്പുറം സ്വർണവർണം വിതറി പാടം കൊയ്ത്തിനൊരുങ്ങിക്കഴിഞ്ഞു.

കൃഷിക്ക് ഒട്ടും അനിയോജ്യമല്ലാത്ത സ്ഥലമാണ് പുത്തരിക്കണ്ടം മൈതാനമെന്നാണ് കൃഷി വിദഗ്ധരുടെ പക്ഷം. നെല്ല് പാകമാകുമ്പേഴേക്കും നൂറുകണക്കിന് എലികളെത്തി കൃഷി നശിപ്പിക്കും. കനത്ത മഴ പെയ്താൽ വയലിലും പരിസരത്തും വെള്ളം കയറും. ഇതിനെയൊക്കെ അതിജീവിച്ച് നൂറുമേനി കൊയ്യുക അത്ര എളുപ്പമല്ല. പത്തു വർഷത്തിലധികമായി കുടപ്പനക്കുന്ന് കൃഷിഭവന്റെ നേതൃത്വത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തിരിക്കായി നെൽക്കൃഷി നടത്താറുണ്ടെങ്കിലും ഒറ്റത്തവണ മാത്രമാണ് കൃഷി പൂർണവിജയമായത്. വർഷങ്ങൾക്കുശേഷം ഇത്തവണയാണ് പാടം പൂർണ വിളവുമായി കൊയ്ത്തിനൊരുങ്ങുന്നത്.

നിരവധി തയ്യാറെടുപ്പുകളോടെയാണ് ഇത്തവണ വിത്തിറക്കിയത്. അധികമാകുന്ന വെള്ളം വാർന്നുപോകാനായി ചെറിയ കുളം (പിള്ളക്കുളം) നിർമിച്ചു. വെള്ളം തീരെ ഇല്ലാതാകുന്ന ഘട്ടം വന്നാൽ വെള്ളമെത്തിക്കാനും സൗകര്യമൊരുക്കി. ക്ഷേത്രത്തിലെ ഗോശാലയിൽ നിന്നെത്തിച്ച നാടൻ ചാണകമാണ് വളമായി ചേർത്തത്.

രാസവളം പരിസരത്ത് അടുപ്പിച്ചില്ല. ചാഴിയെ തുരത്താൻ വൈകുന്നേരങ്ങളിൽ പന്തം കൊളുത്തിവെച്ചു. എലിശല്യം ഒഴിവാക്കാൻ പാടത്ത് മനുഷ്യസാന്നിധ്യം ഉറപ്പാക്കി.

കൃഷി ഓഫീസിലെ ജീവനക്കാർ രാവിലെയും വൈകീട്ടും പാടം സന്ദർശിച്ചു. ഇടയ്ക്ക് മഴ കനത്തെങ്കിലും പിള്ളക്കുളം ഉള്ളതിനാൽ വെള്ളം കയറുന്നത് ഒഴിവാക്കാനായി. ജില്ലാ കൃഷി ഓഫീസർ ബൈജു സൈമണിന്റെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് കൃഷി ഭവനിലെ അസി. കൃഷി ഓഫീസർമാരായ അജയൻ, ഷിനു എന്നിവരാണ് കൃഷിക്ക് മേൽനോട്ടം വഹിച്ചത്.

ഓഗസ്റ്റ് 16-നാണ് ഇത്തവണ നിറപുത്തിരി. ഇതിന് രണ്ടുദിവസം മുൻപ് കൊയ്ത്ത് നടത്തി കതിർക്കറ്റ ക്ഷേത്രത്തിന് പുറത്തെത്തിക്കും. 16-ന് പുലർച്ചെ ആചാരപ്രകാരം അകത്തേക്ക് എഴുന്നള്ളിച്ച് ചടങ്ങുകൾ നടത്തും.

പാകമായി നെടുങ്കാട് പാടത്തെ കതിർക്കുലകളും

നിറപുത്തിരി ചടങ്ങിനു മറ്റു ക്ഷേത്രങ്ങളിലേക്ക് നൽകാനായി കരമന സംയോജിത കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ നെൽവയലും കൊയ്ത്തിനൊരുങ്ങിക്കഴിഞ്ഞു. നെടുങ്കാടിൽ രണ്ടേക്കർ സ്ഥലത്താണ് കൃഷി. ഉമ വിത്താണ് വിതച്ചത്. ഒാഗസ്റ്റ് ആദ്യം മുതൽ കതിർകറ്റകൾ ഇവിടെനിന്ന് ലഭിച്ചുതുടങ്ങും. മറ്റു ജില്ലകളിലെ ക്ഷേത്രങ്ങളിൽനിന്നു കതിർക്കറ്റകൾക്ക് ആളെത്തുന്നതായി ഡയറക്ടർ ജേക്കബ് ജോൺ പറഞ്ഞു.