മുണ്ടേല : നെട്ടിറച്ചിറ വെള്ളനാട് റോഡിലെ അശാസ്ത്രീയമായ ഓടനിർമാണം ഓടയിലും റോഡിലും ഒരുപോലെ വെള്ളക്കെട്ടിനും നിരന്തര അപകടങ്ങൾക്കും കാരണമാകുന്നു. ഓടയിലൂടെ മലിനജലം ഒഴുകിപ്പോകാത്തതിനാൽ ചെറിയ മഴപെയ്താൽപ്പോലും റോഡിൽ വലിയ വെള്ളക്കെട്ടാണ്. ഇത് പരിസരവാസികൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണ്.

ലക്ഷങ്ങൾ ചെലവിട്ടാണ് ഇവിടെ ഓട നിർമിച്ചത്. നെട്ടിറച്ചിറ മുതൽ പൂവച്ചൽ വരെ 2016-ലാണ് റോഡ് ടാർ ചെയ്തത്. റോഡ് നിർമാണത്തിനിടെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പലസ്ഥലങ്ങളിലും അശാസ്ത്രീയമായിട്ടാണ് ഓടകൾ നിർമിച്ചത്. ഓടകളെ ഏതെങ്കിലും തുറന്ന പ്രദേശങ്ങളിൽ കൊണ്ടുവിടുന്നതിനോ ഓടയിലൂടെ വരുന്ന വെള്ളം ശാസ്ത്രീയമായി ഏതെങ്കിലും തോട്ടിലേക്കോ ആറ്റിലേക്കോ എത്തിക്കുന്നതിനും ശ്രമിച്ചില്ല. ഇക്കാരണത്താൽ ഓടയിൽ വെള്ളം കെട്ടിനിന്ന് കൊതുകു പെരുകി. മൂന്നരക്കിലോമീറ്റർ ദൂരത്തിൽ വെള്ളക്കെട്ടിൽ കൊതുക് മുട്ടയിട്ട് പെരുകി നാട്ടിൽ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

കുറിഞ്ചിലക്കോട് പ്രദേശത്ത് ചില വീടുകളുടെ മതിലുകൾ റോഡിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്നതിനാൽ ഗതാഗതതടസ്സത്തിനും കാരണമാകുന്നുണ്ട്.

റോഡിലേക്ക്‌ ഇറക്കി നിർത്തിയിരിക്കുന്ന ട്രാൻസ്‌ഫോർമറും അപകടക്കെണിയാണ്. ട്രാൻസ്‌ഫോർമർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനും പരിഹാരമുണ്ടാകുന്നില്ല.