വെഞ്ഞാറമൂട് : വാമനപുരം ആറിന്റെ രക്ഷയ്ക്കായി ബൃഹദ് പദ്ധതികൾക്ക് രൂപംനൽകി വാമനപുരം ബ്ലോക്ക് പഞ്ചായത്ത്.

ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽക്കൂടിയും ആറ് ഒഴുകുന്നുണ്ട്. ആറ് കടന്നുപോകാത്ത മാണിക്കൽ പഞ്ചായത്തിലെ പ്രധാനപ്പെട്ട വേളാവൂർ തോട് ഈ ആറിന്റെ കൈവഴിയാണ്.

ബ്ലോക്കിലെ കാർഷിക സമൃദ്ധിക്കു കാരണം ഈ ആറാണ്. മാത്രമല്ല ബ്ലോക്കിലെ എല്ലാ കുടിവെള്ള പദ്ധതികളും ഈ ആറുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ആറിന്റെ മലിനീകരണം പൂർണമായും തടയൽ ഒരു പ്രധാന വെല്ലുവിളിയാണ്. ഇതിനായി പ്രശ്നമേഖലാ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കും.

ആറിന്റെ കൈവഴികളും നീരൊഴുക്കുകളും നീർത്തടങ്ങളും സജീവമാക്കും. മണ്ണിടിച്ചിൽ ഒഴിവാക്കാൻ ജൈവവേലിയും മുളകളും വെച്ചുപിടിപ്പിക്കും ഇതാണ് പ്രധാന കർമപദ്ധതി.

തുടക്കമായി 10 ലക്ഷം അനുവദിച്ചു. രണ്ടാം ഘട്ടമായി കൂടുതൽ തുക അനുവദിക്കാനാണ് തീരുമാനം. പാരിസ്ഥിതിക ഏജൻസികളുടെ സേവനവും പ്രയോജനപ്പെടുത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, ക്ലബ്ബുകൾ മറ്റു കൂട്ടായ്മകൾ എന്നിവ ചേർന്നാണ് സംരക്ഷണ യജ്ഞങ്ങൾ നടത്തുന്നത്.

ഇതിനായി ആദ്യം ജനകീയ കൺവെൻഷൻ ഏപ്രിലിൽ വിളിച്ചുചേർക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം.