വർക്കല : ശിവഗിരി പണയിൽ ഭാഗത്ത് ഇറിഗേഷൻ തോടിനുസമീപം താമസിച്ചിരുന്ന എട്ട് കുടുംബങ്ങൾക്ക് പട്ടയം നൽകി. മൂന്ന് തലമുറകളിലായി ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് കളക്ടറുടെ സാന്നിധ്യത്തിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണ് പട്ടയം നൽകിയത്. വർക്കല താലൂക്ക് ഓഫീസ് അങ്കണത്തിൽ എൽ.ആർ.തഹസിൽദാർ ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വി.ജോയി എം.എൽ.എ. പട്ടയവിതരണം നടത്തി.

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിലെ 14-ാം വാർഡ് കുഴിവിള ലക്ഷംവീട് നിവാസികളായ അഞ്ച് കുടുംബങ്ങൾക്കുള്ള പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. 41 വർഷമായി പട്ടയം ലഭിക്കാതിരുന്ന കുടുംബങ്ങൾക്കാണ് ഇപ്പോൾ പട്ടയം ലഭിച്ചത്. കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ്‌ലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉദയ, വാർഡംഗം എം.ഷിജു, പ്രസന്ന, യമുന, അഫ്‌സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.