പോത്തൻകോട് : മംഗലപുരത്ത് ബിരുദവിദ്യാർഥിയെ കഞ്ചാവ് മാഫിയ തട്ടിക്കൊണ്ടുപോയി മർദിച്ചു. കുട്ടിയെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയും പണവും മൊബൈൽഫോണും അപഹരിച്ചുവെന്നും പോലീസ് പറഞ്ഞു. പോത്തൻകോട് വാവറയമ്പലം ഷെബിൻ കോട്ടേജിൽ മുഹമ്മദ് ഷബിനാണ്(18) മർദനമേറ്റത്. കഞ്ചാവ് വില്പനക്കാരാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന്‌ അക്രമിസംഘം ഭീഷണിപ്പെടുത്തി.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഷബിന്റെ സുഹൃത്തായ ഷിനാസ് വീട്ടിൽനിന്നും വിളിച്ചിറക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിക്കുകയായിരുന്നു. അവിടെ കാത്തുനിന്ന മൂന്നംഗ സംഘവുമായി ചേർന്ന് ഷബിനെ മർദിച്ചു. തുടർന്ന് കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചു.

വിസമ്മതിച്ച ഷബിന്റെ കാൽവെള്ളയിൽ വടി വച്ച്‌ അടിച്ചു. നിവൃത്തിയില്ലാതെ ഷബിന് ബീഡി വലിക്കേണ്ടിവന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽഫോണും തട്ടിയെടുത്തു. ഇത് പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും വീട്ടിലുള്ള അമ്മയെ ആക്രമിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.

ഭയപ്പെട്ട ഷബിൻ വീട്ടിൽ വിവരം പറഞ്ഞില്ല. ഈ സംഘം മൊബൈൽഫോൺ മടക്കിനൽകാൻ പതിനായിരം രൂപ വേണമെന്നു ഭീഷണിപ്പെടുത്തിയതോടെയാണ് ഷബിൻ വീട്ടിൽ വിവരം പറയുന്നത്. തുടർന്ന് ഷബിന്റെ മാതാവ് മംഗലപുരം പോലീസിൽ പരാതി നൽകി.

ഇതറിഞ്ഞ സംഘം ഇന്നലെ രാത്രി പോത്തൻകോട് വാവറയമ്പലത്തെ ഷബിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട്, മംഗലപുരം സ്റ്റേഷനുകളിൽ കേസെടുക്കുകയും നാലു പ്രതികളെ പിടികൂടുകയും ചെയ്തു. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിൻ, അഷ്‌റഫ്, അൻസർ, മുരുക്കുംപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.   അറസ്റ്റിലായ അൻസർ, ഷെഹിൻ, അഷ്‌റഫ്, മുഹമ്മദ് ഷിനാസ്