നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണ പദ്ധതി തുടങ്ങി. യു.പി.തലംവരെയായി ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെ യു.പി. വിഭാഗമുള്ള 12 സ്കൂളുകളിലാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

ഓരോ കുട്ടിക്കും പ്രഭാതഭക്ഷണത്തിനായി 11 രൂപയാണ് നഗരസഭ വിനിയോഗിക്കുന്നത്.

ഇനി സ്കൂളുകളിൽ സാധ്യമായ 70 അധ്യയനദിനങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി പ്രഭാതഭക്ഷണം നൽകുന്നത്.

കുടുംബശ്രീയുടെയും അതത് സ്കൂളുകളുടെയും നേതൃത്വത്തിലുമാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന്‌ 14 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും.

പദ്ധതിയുടെ ഉദ്ഘാടനം ഊരൂട്ടുകാല ഗവ. എം.ടി.എച്ച്.എസിൽ നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഡോ. എം.എ.സാദത്ത്, പ്രഥമാധ്യാപിക ആർ.മേരി, പി.ടി.എ. പ്രസിഡന്റ് ശിവരാജൻ, ക്രിസ്റ്റഫർ, എൻ.രാജ്‌മോഹൻ, സി.ആർ.ആത്മകുമാർ, ബി.ഗിരിജാകുമാരി, മഞ്ജുഷ എന്നിവർ പങ്കെടുത്തു.