നെടുമങ്ങാട്ട്
നെടുമങ്ങാട് : കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നെടുമങ്ങാട്ട് പൂർണം. കെ.എസ്.ആർ.ടി.സി. ബസുകൾ ഓടിയില്ല. ഇരുചക്രവാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ നിരത്തിൽ ഉണ്ടായിരുന്നില്ല.
കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു. നെടുമങ്ങാട് കച്ചേരിനടയിൽ ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.
കെ.എ.അസീസ് അധ്യക്ഷനായി. ചന്തമുക്കിലെ ധർണ കെ.റഹിം ഉദ്‌ഘാടനം ചെയ്തു. എം.സി.കെ.നായർ അധ്യക്ഷനായി. പഴകുറ്റിയിലും ആനാട്ടും എസ്.ആർ.ഷൈൻലാലും ടി.പത്മകുമാറും ഉദ്ഘാടനം ചെയ്തു.
കാട്ടാക്കടയിൽ
കാട്ടാക്കട : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ തൊഴിലാളി സംഘടനകൾ വ്യാഴാഴ്ച നടത്തിയ പണിമുടക്ക് കാട്ടാക്കട പ്രദേശത്ത് പൂർണം. കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളിൽ സർക്കാർ ഓഫീസുകൾ, ബാങ്ക്, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞുകിടന്നു.
ടാക്സി, ഓട്ടോ തുടങ്ങിയ മേഖലയിലെ തൊഴിലാളികളും പണിമുടക്കി. കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിയില്ല.
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. എന്നാൽ, പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ പ്രചാരണം മുടക്കമില്ലാതെ നടന്നു.
കൂടുതൽപ്പേരും വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലായിരുന്നു.
പലയിടത്തും രാഷ്ട്രീയപാർട്ടികളുടെ പ്രദേശത്തെ പ്രധാന നേതാക്കന്മാർ സ്ഥാനാർഥികളോടൊപ്പം ഭവനസന്ദർശനത്തിനുണ്ടായിരുന്നു. കാട്ടാക്കടയിൽ പണിമുടക്കിയ ജീവനക്കാർ സമരസമിതിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രകടനം നടത്തി.