നെയ്യാറ്റിൻകര : കോവിഡ് കാരണം അടച്ചിട്ട സ്കൂളുകൾ തുറക്കുമ്പോൾ കുരുന്നുകളെ വരവേൽക്കാനായി അധ്യാപകർ നിർമിച്ച കളിപ്പാട്ടങ്ങൾ അതത് സ്‌കൂളുകൾക്കു കൈമാറി. സമഗ്രശിക്ഷാ കേരള നടപ്പിലാക്കുന്ന താലോലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.

ശിശുസൗഹൃദ പ്രീ-സ്‌കൂൾ ക്ലാസ് മുറികളൊരുക്കുന്നതിനാണ് ത്രിദിന ശില്പശാല സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര ഉപജില്ലയിലെ പത്തിലേറെ അധ്യാപകർ ചേർന്ന് നിർമിച്ച കളിപ്പാട്ടങ്ങൾ കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ അതത് സ്‌കൂളുകളിലെ അധ്യാപകർക്ക് കൈമാറി.

ക്ലാസ് മുറികൾ ആകർഷകമാക്കുന്നതിലൂടെ പ്രീ സ്കൂൾ കുട്ടികളുടെ ശാരീരിക വികാസം, വൈജ്ഞാനിക വികാസം, ചാലക വികാസം, സാമൂഹിക വികാസം, സർഗാത്മക വികാസം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.

പഠനനേട്ടങ്ങളുടെ ശരിയായ വിനിമയം സാധ്യമാക്കുക എന്നിവയും താലോലം പദ്ധതി ലക്ഷ്യമിടുന്നു.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻമാരായ ഡോ. എം.എ.സാദത്ത്, ആർ.അജിത, എസ്.എസ്.കെ. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.അയ്യപ്പൻ എന്നിവർ പങ്കെടുത്തു.

പരിശീലകരായ എ.എസ്.മൻസൂർ, എ.എസ്.ബെൻ റെജി, ആർ.വിദ്യാവിനോദ്, ലോബോ ആർ.ശാന്തി, കെ.ജി.മിനി എന്നിവരുടെ നേതൃത്വത്തിലാണ് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമിച്ചത്.