തിരുവനന്തപുരം : തൃശ്ശൂർ നടുവിൽ മഠത്തിലെ ഇളമുറ സ്വാമിയാർ ഒറവങ്കര അച്യുതഭാരതിയെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിച്ചു. നിലവിലെ പുഷ്പാഞ്ജലി സ്വാമിയാരായ മറവഞ്ചേരി തെക്കേടത്ത് നീലകണ്ഠഭാരതിയുടെ ശിഷ്യനാണ് ഇദ്ദേഹം.

ഞായറാഴ്ച രാവിലെ യോഗത്തിൽ പോറ്റിമാരുടെ നേതൃത്വത്തിൽ ആചാരപ്രകാരമാണ് അവരോധം നടന്നത്. പോറ്റിമാരായ കൊല്ലൂർ അത്തിയറമഠം കൃഷ്ണരു, വഞ്ചിയൂർ അത്തിയറമഠം രാമരരു, നെയ്തശ്ശേരിമഠം മനോജ്, കൂപക്കരമഠം സഞ്ജയ്കുമാർ തുടങ്ങിയവർ പടിഞ്ഞാറേക്കോട്ട നടുവിൽ മഠത്തിലെത്തി മൂപ്പിൽസ്വാമിയാരെ നമസ്‌കരിച്ചു. തിരിച്ചെത്തി തിരുവാമ്പാടിക്ക് തെക്ക് യോഗം ചേർന്ന് ഒറവങ്കര അച്യുതഭാരതിയെ അവരോധിച്ചതായുള്ള നീട്ട് ശ്രീകാര്യക്കാർ നാരായണ അയ്യർക്ക് നൽകി. ശ്രീകാര്യം നീട്ട് വായിച്ച ശേഷം പോറ്റിമാരും ക്ഷേത്രം ഉദ്യോഗസ്ഥരും നടുവിൽ മഠത്തിലെത്തി നിയുക്ത പുഷ്പാഞ്ജലി സ്വാമിയാരെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു.

തിരുവാമ്പാടിയിൽ യോഗം ചേർന്ന സ്ഥലത്ത് ആമപലക മേലിരുന്ന സ്വാമിയാരോട് ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തണമെന്ന് യോഗക്കാർ ഉണർത്തിച്ചു. തുടർന്ന് നാഗസ്വരത്തിന്റെയും ശംഖനാദത്തിന്റെയും അകമ്പടിയോടെ അദ്ദേഹം മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിലേക്ക് പോയി കുളിച്ചുമടങ്ങി.

ക്ഷേത്രത്തിലെത്തിയ ഇളമുറ സ്വാമിയാരെ മൂപ്പിൽ സ്വാമിയാർ ഗർഭഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പുഷ്പാഞ്ജലി നടത്തുന്ന രീതികൾ ബോധിപ്പിച്ചു. നിയുക്ത സ്വാമിയാർ അകത്തെ പൂജയ്ക്കു ശേഷം തെക്കേടത്തും തിരുവാമ്പാടിയിലും പുഷ്പാഞ്ജലി നടത്തി മഠത്തിലേക്ക് മടങ്ങി. ചടങ്ങുകളിൽ എക്‌സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ്‌കുമാർ, ഭരണസമിതിയംഗം പ്രൊഫ. പി.കെ.മാധവൻനായർ, മാനേജർ ബി.ശ്രീകുമാർ, അസിസ്റ്റന്റ് ശ്രീകാര്യം ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.