തിരുവനന്തപുരം: തലസ്ഥാനനഗരത്തിന്റെ സ്വന്തം സ്മാർട്ട് കാർഡ് രണ്ടുമാസത്തിനകം പുറത്തിറക്കും. 'മൈ സ്മാർട്ട് ടി.വി.എം.' എന്ന പേരിലുള്ള കാർഡിലൂടെ ആദ്യം സർക്കാർ മേഖലയിലെ സേവനങ്ങളും തുടർന്ന് സ്വകാര്യസ്ഥാപനങ്ങളുടെ സേവനങ്ങളും ലഭ്യമാകും.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് കാർഡ് തയ്യാറാക്കുന്നത്. കാർഡ് നടപ്പിലാക്കാനായി ബാങ്കുകളിൽനിന്നു ടെൻഡർ വിളിച്ചു. അടുത്തമാസം നാലാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. ടെൻഡർ ലഭിക്കുന്ന ബാങ്കാണ് പണമിടപാടുകൾ സംബന്ധിച്ച കാര്യങ്ങളെല്ലാം ചെയ്യേണ്ടത്.
തലസ്ഥാനനഗരത്തിലെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിൽ എത്തിക്കുകയാണ് കാർഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. പാർക്കിങ്ങിനും കോർപ്പറേഷന്റെ സേവനങ്ങൾക്കും മുതൽ കെ.എസ്.ആർ.ടി.സി. ടിക്കറ്റിനുവരെ ഈ കാർഡുപയോഗിച്ച് പണമടയ്ക്കാം. ഓൺലൈൻ ബാങ്കിങ്, മൊബൈൽ വാലറ്റുകൾ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുമായും സ്മാർട്ട് കാർഡിനെ ബന്ധിപ്പിക്കും.
അമ്പതിനായിരം കാർഡുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. നഗരത്തിൽ താമസിക്കുന്നവർക്ക് സൗജന്യമായാണ് കാർഡ് നൽകുന്നത്. ആവശ്യക്കാരുള്ളതിനനുസരിച്ച് കൂടുതൽ കാർഡുകൾ പുറത്തിറക്കും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി ഇ-റിക്ഷ മുതൽ ഇലകട്രിക് ചാർജിങ് സേവന കേന്ദ്രങ്ങൾ വരെയുള്ള പുതിയ പദ്ധതികൾ വരുന്നുണ്ട്. ഇവയ്‌ക്കൊപ്പം കോർപ്പറേഷന്റേയും സർക്കാർ മേഖലയിലെ സ്ഥാപനങ്ങളുടേയും സ്വകാര്യസ്ഥാപനങ്ങളുടേയും സേവനങ്ങൾ ഒരുമിപ്പിച്ച് ഒരു കാർഡ് വഴി ലഭ്യമാക്കാനാണ് ശ്രമം.
നഗരത്തിൽ കാർഡ് റീചാർജ് ചെയ്യുന്നതിനുള്ള 25 യന്ത്രസംവിധാനങ്ങൾ തുടക്കത്തിൽത്തന്നെ സ്ഥാപിക്കും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി തയ്യാറാക്കുന്ന നഗരത്തിലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ (ഐ.സി.സി.സി.), ട്രാഫിക് സേഫ്റ്റി കമാൻഡ് കൺട്രോൾ സെന്റർ (ടി.എസ്.സി.സി.സി.) എന്നിവയുമായും സ്മാർട്ട് കാർഡ് ബന്ധപ്പെടുത്തും. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ആയിരത്തോളം ക്യാമറകൾ വഴി ആധുനിക രീതിയിൽ നഗരത്തിലെ ഗതാഗതം അടക്കമുള്ളവ നിയന്ത്രിക്കുന്നതാണ് ഈ സെന്ററുകൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനകേന്ദ്രവും സ്മാർട്ട് കാർഡിനായി ഒരുക്കുന്നുണ്ട്്.
സ്മാർട്ട് കാർഡ് വഴി പണമടയ്ക്കാവുന്ന ചില സേവനങ്ങൾ
വൈദ്യുത ബിൽ
ഇ-ഓട്ടോ, ഇ-റിക്ഷസ്മാർട്ട് പാർക്കിങ്
ജല അതോറിറ്റി ബിൽ
പോലീസിൽ അടയ്‌ക്കേണ്ട പിഴത്തുക
മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഫീസ്
കെ.എസ്.ആർ.ടി.സി. ടിക്കറ്റ്
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്
ഇ-ഗവേണൻസ് സേവനങ്ങൾ
ടി.എസ്.സി.സി.സി. ചെലാൻ
ഒരുക്കങ്ങളെല്ലാം പൂർത്തിയായി
രണ്ടുമാസത്തിനുള്ളിൽ സ്മാർട്ട് കാർഡ് പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പുതന്നെ പരീക്ഷണാടിസ്ഥാനത്തിൽ കാർഡുകൾ പുറത്തിറക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ബാങ്ക് കൂടി തീരുമാനമായാൽ ഉടൻ പുറത്തിറക്കാനാവും.
പി.ബാലകിരൺ,
സി.ഇ.ഒ., സ്മാർട്ട് സിറ്റി