വെഞ്ഞാറമൂട് : വെഞ്ഞാറമുട്-ചന്തമുക്ക് എൽ.പി.എസ്. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് മാസങ്ങളായി. ചന്തമുക്കിൽനിന്ന് പ്രദേശത്തെ ഏറ്റവും വലിയ പ്രൈമറി പൊതുവിദ്യാലയമായ ജി.യു.പി.എസിലേക്ക്‌ പോകുന്ന വഴിയാണിത്. കുട്ടികൾക്കുപോലും വഴിനടക്കാനാകാത്ത വിധം വെള്ളക്കെട്ടാണിവിടെ. വില്ലേജോഫീസ്, ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, പട്ടികജാതി വികസന ഓഫീസ് എന്നിവയെല്ലാം ഇവിടെയാണുള്ളത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ ഓട പണിയാത്തതു കാരണം മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഓടകളെ സമീപത്തെ കൈത്തോടുമായി ബന്ധിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. പദ്ധതികളിൽ ഓടനിർമാണത്തിനു തുക അനുവദിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വെഞ്ഞാറമൂട് സുധീർ പറഞ്ഞു.