നെടുമങ്ങാട് : കോടികൾ ചെലവിട്ട് നഗരസഭ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ പലതും ലക്ഷ്യം കാണുന്നില്ല. അഗ്നിരക്ഷാസേനയുടെ കെട്ടിടവും കൃഷിഭവനും കുന്നിൻമുകളിലാണ്. ഇതുകാരണം നാട്ടുകാരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.

ടൗണിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴും പൊതുശൗചാലയങ്ങൾ ഇല്ല. 2006-ൽ പ്രവർത്തനം തുടങ്ങിയ റവന്യൂ ടവർ ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കെട്ടിടത്തിന്റെ പരിസരവും മുകളിലത്തെ നിലകളും മാലിന്യക്കൂമ്പാരമാണ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫീസ്, പട്ടികജാതി- പട്ടികവർഗ ഓഫീസ്, റബ്ബർബോർഡിന്റെ കാര്യാലയം എന്നിവ റവന്യൂ ടവറിലേക്കു കൊണ്ടുവരാൻ ഇതുവരെയും സാധിച്ചിട്ടില്ല.

കുശർകോട്ട് കോടികൾ ചെലവിട്ടാണ് മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സ്ഥാപിച്ചത്. നിരവധി കെട്ടിടങ്ങൾ ഇതിനായി ഇവിടെ നിർമിച്ചു. ഒരു വ്യവസായ യൂണിറ്റ് പോലും ഇവിടെ തുടങ്ങാനായില്ല. കാടുകയറിക്കിടന്ന കെട്ടിടങ്ങളിൽ കുറച്ചുഭാഗം പിന്നീട് അഗ്നിരക്ഷാസേനാ യൂണിറ്റിനു വിട്ടുകൊടുത്തു. കുന്നിൻമുകളിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിന്റെ ദുരിതങ്ങൾ ചില്ലറയല്ല. അത്യാവശ്യഘട്ടങ്ങളിൽ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ കുന്നിറങ്ങി കുപ്പിക്കഴുത്തുപോലുള്ള റോഡിൽക്കൂടി പുറത്തിറങ്ങണമെങ്കിൽ ഏറെ സമയമെടുക്കുന്ന സ്ഥിതിയാണ്.

കാടുകയറി കെട്ടിടം

ഇരിഞ്ചയത്ത് ഐസ്‌ പ്ലാന്റും മത്സ്യവിപണനകേന്ദ്രവും ഒരുകോടിയിലധികം രൂപ ചെലവിട്ടാണ് നിർമിച്ചത്. കെട്ടിടങ്ങളിപ്പോൾ കാടുകയറിയ നിലയിലാണ്. ആധുനിക സൗകര്യത്തോടെ ഇവിടെ തുടങ്ങാനിരുന്ന നെടുമങ്ങാട്ടെ മത്സ്യമാർക്കറ്റ് പദ്ധതിയും പാളി. ഇപ്പോഴും മത്സ്യവിപണനം നടക്കുന്നത് നെടുമങ്ങാട് പൊന്നറ ശ്രീധർപാർക്കിനു മുന്നിലാണ്. ആദ്യഘട്ടത്തിൽ ഐസ്‌ പ്ലാന്റ് പ്രവർത്തനം തുടങ്ങി. അധികം വൈകാതെ അതും നിലച്ചു.