നാഗർകോവിൽ : മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ദേവസ്വം മന്ത്രി ശേഖർ ബാബു ബുധനാഴ്ച രാവിലെ തുടക്കം കുറിച്ചു. മാസങ്ങൾക്കുമുമ്പ് ക്ഷേത്ര ശ്രീകോവിലിലുണ്ടായ അഗ്നിബാധയെത്തുടർന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

പുനരുദ്ധാരണത്തിന് തമിഴ്നാട് സർക്കാർ ഒരുകോടി എട്ടുലക്ഷം രൂപ അനുവദിച്ചു. ചടങ്ങിൽ ദേവസ്വം കമ്മിഷണർ കുമരഗുരുപരൻ, ജോയിന്റ് കമ്മിഷണർ ജ്ഞാനശേഖരൻ, നാഗർകോവിൽ കോർപ്പറേഷൻ കമ്മിഷണർ ആശ അജിത്, പദ്‌മനാഭപുരം സബ് കളക്ടർ അലർമേൽ മങ്ക, എം.എൽ.എ. പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു. ദേവപ്രശ്നവിധിപ്രകാരമുള്ള പരിഹാരപൂജകൾ നടത്തിയശേഷമാണ് നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയതെന്നും ദേവഹിതപ്രകാരവും ആചാരവിധിപ്രകാരവും സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ

നാഗർകോവിൽ : മണ്ടയ്ക്കാട് ഭഗവതിക്ഷേത്രത്തിൽ ദേവപ്രശ്ന വിധിപ്രകാരമുള്ള നിബന്ധനകൾ പാലിക്കാതെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതെന്ന് ആരോപിച്ച്‌ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു.

. ബുധനാഴ്ച രാവിലെ ഹിന്ദുമുന്നണി മണ്ഡല ഭാരവാഹി മിസാ സോമന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനുമുന്നിൽ പ്രതിഷേധത്തിന് എത്തിയ ബി.ജെ.പി. ഉൾപ്പെടെയുള്ള സംഘടനാ ഭാരവാഹികളെ പോലീസ് തടഞ്ഞു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി.