തിരുവനന്തപുരം : സ്മാർട്ട് റോഡ് വികസനത്തിന്റെ ഭാഗമായി പണിതുടങ്ങിയിട്ട് രണ്ടുമാസമായെങ്കിലും ഇതുവരെ സ്മാർട്ടാകാതെ പുളിമൂട് അംബുജവിലാസം റോഡിൽനിന്ന് വഞ്ചിയൂരിലേക്കുള്ള മാതൃഭൂമി റോഡ്. റോഡ് വികസനത്തിന്റെ ഭാഗമായി കേബിളുകൾ സ്ഥാപിക്കുന്നതിന് റോഡിന്റെ നടുഭാഗത്ത് ആഴത്തിൽ കുഴിച്ചിട്ടിരിക്കുകയാണ്.

കുഴികളിൽ സ്ലാബ് ഇടുന്ന ജോലി പകുതിപോലും പൂർത്തിയായിട്ടില്ല. നിർമാണപ്രവർത്തനങ്ങൾ കാരണം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടുമാസമായി. തുടർച്ചയായ മഴയത്ത് ചെളിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവായിട്ടുണ്ട്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സെപ്‌റ്റംബർ മാസത്തിലാണ് റോഡിൽ നിർമാണം തുടങ്ങിയത്. മഴയും നിർമാണവസ്തുക്കളുടെ ക്ഷാമവുമാണ് പണി വൈകിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു.

ദീപാവലിക്കുശേഷം വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ഒരുവശത്തൂടെ മാത്രം ഭാഗികമായാണ് വാഹനങ്ങൾക്കു പോകാൻ അനുമതിയുള്ളത്. റോഡിന് വീതിയില്ലാത്തതിനാൽ കാറുകൾക്ക് പോകണമെങ്കിൽ ഓടയുടെ മുകളിലിട്ടിരിക്കുന്ന സ്ലാബിലൂടെ കയറിയിറങ്ങണം.

വാഹനങ്ങൾ കയറി പല സ്ലാബുകളും ഇവിടെ തകർന്നിട്ടുണ്ട്. സ്ലാബ് തകർന്ന് വാഹനങ്ങളുടെ ടയറുകൾ കുടുങ്ങാറുമുണ്ട്. സമീപവാസികൾക്ക് വീട്ടിൽനിന്ന് വാഹനം റോഡിലേക്ക് ഇറക്കാനും സാധിക്കുന്നില്ല. പ്രായമേറിയവർക്കാണ് കൂടുതൽ ബുദ്ധിമുട്ടാകുന്നത്. വിദ്യാർഥികൾക്ക് നടന്ന് പ്രധാന റോഡിലെത്തിയാൽ മാത്രമേ വാഹനങ്ങളിൽ കയറാനാകൂ.

മഴയായതിനാൽ റോഡിൽ ചെളിയും മണ്ണും നിറയുന്നതും പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. എത്രയുംവേഗം നിർമാണം പൂർത്തിയാക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

ഒരുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമമെന്ന് സ്മാർട്ട് സിറ്റി ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണൻ പറഞ്ഞു.

നിർമാണ സാമഗ്രികളുടെ ക്ഷാമം വെല്ലുവിളിയാണ്. മഴയായതിനാൽ ക്വാറികൾക്ക് വിലക്കുണ്ടായിരുന്നത് പ്രവർത്തനത്തെ ബാധിച്ചു.

നിലവിൽ നിർമാണം നടക്കുന്ന 16 റോഡുകളുടെ പണി പൂർത്തിയായതിനു ശേഷമേ പുതിയ റോഡുകളുടെ നവീകരണം ആരംഭിക്കുകയുള്ളൂവെന്നും ജനറൽ മാനേജർ പറഞ്ഞു.