മാറനല്ലൂർ : അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങളെക്കുറിച്ചുള്ള പരാതികൾക്കിടെ മാറനല്ലൂർ ആരോഗ്യകേന്ദ്രത്തിൽ വീണ്ടും പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. ഒന്നരവർഷം മുമ്പ് ഐ.ബി.സതീഷ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടം ഇനിയും തുറന്നുപ്രവർത്തിച്ചിട്ടില്ല.
കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ ഇവിടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പലപ്പോഴായി നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ അശാസ്ത്രീയമാണെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. ഇതു നിലനിൽക്കെയാണ് വീണ്ടും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടം നിർമിക്കുന്നത്.
ആംബുലൻസ് പാർക്ക് ചെയ്യുന്നതിനുവേണ്ടിയാണ് ഇപ്പോൾ കെട്ടിടം നിർമിക്കുന്നതെന്നാണ് വിശദീകരണം.
എന്നാൽ, റോഡിനോട് ചേർന്നാണ് നിലവിലെ കെട്ടിടനിർമാണം നടക്കുന്നതെന്നും മലവിളയിൽ പാലം നിർമിക്കുന്നതോടെ റോഡ് വീതി കൂട്ടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പോൾ പുതിയ കെട്ടിടം പൊളിച്ചുമാറ്റേണ്ട അവസ്ഥയുണ്ടാകുമെന്നാണ് നാട്ടുകാരുടെ പരാതി.
ആരോഗ്യകേന്ദ്രത്തിന് വിശാലമായ സ്ഥലസൗകര്യമുണ്ടെങ്കിലും പലയിടങ്ങളിൽ നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ ഇവിടെയെത്തുന്നവർക്ക് തലവേദനയാണ്.
ജീവനക്കാരുടെ വാഹനങ്ങൾ കഷ്‌ടിച്ച് പാർക്ക് ചെയ്യാൻ മാത്രമാണ് ഇപ്പോൾ സാധിക്കുന്നത്. രോഗികളുമായി ഇവിടെയെത്തുന്നവരുടെ വാഹനങ്ങൾ തിരക്കേറിയ പുന്നാവൂർ റോഡിന് വശത്താണ് പാർക്ക് ചെയ്യുന്നത്.
കോവിഡ് പരിശോധനാദിവസങ്ങളിൽ നീണ്ട നിര റോഡിൽ വരെ എത്താറുണ്ട്.