കഴക്കൂട്ടം : പെരുമാതുറ സ്വദേശിയായ കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്തയാൾ മർദനമേറ്റ് ചികിത്സയിലിരിക്കേ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ കഠിനംകുളം പോലീസ്‌ കസ്റ്റഡിയിലെടുത്തു.

പെരുമാതുറ ഇടപ്പള്ളിക്കുസമീപം സഫീന മൻസിലിൽ നാസുമുദ്ദീൻ (നാസ്-55) ആണ് മരിച്ചത്. അയൽവാസി ആസാദ് (66) ആണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത്‌ കടൽത്തീരത്തുവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും മദ്യലഹരിയിലായിരുന്ന ആസാദ് നാസുമുദ്ദീനെ മർദിച്ചെന്നുമാണ് പോലീസ് പറയുന്നത്.

മർദനമേറ്റ് കുഴഞ്ഞുവീണ നാസുമുദ്ദീനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. മൃതദേഹപരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.