നടപടിയെടുക്കാതെ ജല അതോറിറ്റി അധികൃതർ

കോവളം : വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡായ വെള്ളാറിലെ വേടർകോളനി, മലവിള എന്നിവിടങ്ങളിൽ രണ്ടുമാസമായി കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. ചൂട് കനത്തതോടെ ഈ മേഖലയിലെ കിണറുകളും വറ്റിവരണ്ടു. ഇതേത്തുടർന്ന് ഇരുചക്രവാഹനങ്ങളിൽ മറ്റിടങ്ങളിൽനിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്. പ്രാഥമികാവശ്യങ്ങൾക്കും വസ്ത്രങ്ങളലക്കുന്നതിനുപോലും വെള്ളംകിട്ടാത്ത സ്ഥിതിയെന്ന്‌ വീട്ടമ്മയായ സൈരന്ധ്രി പറഞ്ഞു.

കെ.എസ്.റോഡിൽ ജല അതോറിറ്റിയുടെ വലിയ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നാണ് വേടർകോളനി, മലവിള എന്നിവിടങ്ങളിലേക്ക് കുടിവെള്ളവിതരണത്തിനുള്ള പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചിട്ടുള്ളത്. മലവിള കോളനിയിലുള്ള പൊതുടാപ്പുകളിലൊന്നിൽ മാത്രമാണ് വെള്ളം കിട്ടുന്നത്. ഈ പൈപ്പിൽനിന്ന് വെള്ളം കിട്ടണമെങ്കിൽ അർധരാത്രിവരെ കാത്തിരിക്കണമെന്ന് മലവിള സ്വദേശിയായ ഷിബി പറഞ്ഞു.

200-ലധികം കുടുംബങ്ങളാണ് വേടർകോളനി, മലവിള കോളനി എന്നിവിടങ്ങളിലുള്ളത്. മിക്കവരും കൂലിപ്പണിക്ക് പോകുന്നവരാണ്. ജോലികഴിഞ്ഞെത്തുന്നവർ സമീപത്തുള്ള പൊട്ടക്കുളങ്ങളിലെ വെള്ളമാണ് ശരീരം ശുചിയാക്കാനുപയോഗിക്കുന്നത്. കെ.എസ്. റോഡിലുള്ള വാട്ടർടാങ്കിൽ നിന്ന് എല്ലാക്കാലത്തും കോളനികളിലേക്ക് വെള്ളം കിട്ടിയിരുന്നതാണ്. ഈ മേഖലയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പുകൾ മറ്റിടങ്ങളിലേക്ക് തിരിച്ചുവിട്ടതാണന്ന് പഞ്ചായത്തംഗം വി.എസ്.അഷ്ടപാലൻ പറഞ്ഞു. ജല അതോറിറ്റി ഉദ്യോഗസ്ഥരോട് ഇക്കാര്യം നേരിട്ട് ബോധിപ്പിച്ചതാണ്.

നടപടിയുണ്ടായില്ലെന്ന് പഞ്ചായത്തംഗം ആരോപിച്ചു. കുടിവെള്ളം കിട്ടുന്നില്ലെന്നുള്ള പരാതി തങ്ങൾക്ക് ലഭിച്ചിട്ടില്ല. കോളനികളിൽ വെള്ളം വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി നടത്തുമെന്ന് ജല അതോറിറ്റിയുടെ തിരുവല്ലം അസി. എൻജിനീയർ എസ്.ലത അറിയിച്ചു.