തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ പതിവിൽനിന്ന് വ്യത്യസ്തമായി ഭക്തർ സ്വയം നിർവഹിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് കാത്തിരിപ്പ് രണ്ടുനാൾകൂടി. ഒരു വർഷത്തെ വ്രതനിഷ്ഠമായ കാത്തിരിപ്പിനൊടുവിൽ ഭക്തർ സ്വന്തം വീടുകളിൽ ഇക്കുറി പൊങ്കാല അർപ്പിക്കും.

ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ മാത്രമാണ് ഇക്കുറി പൊങ്കാല സമർപ്പണവും നിവേദ്യവും. 27-ന് രാവിലെ 10.50-ന് ക്ഷേത്രതന്ത്രി ശ്രീകോവിലിൽ നിന്നു പകർന്നുനൽകുന്ന ദീപം മേൽശാന്തി അടുപ്പിൽ തെളിക്കും. ഉച്ചയ്ക്ക് 3.40-ന് ഉച്ചപൂജയും നിവേദ്യവും നടക്കും. പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ്ച രാവിലെ 10.20-ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലേയും വലിയ തിടപ്പള്ളിയിലേയും പൊങ്കാല അടുപ്പുകളിൽ പകർന്നശേഷം അഗ്നി സഹമേൽശാന്തിക്ക് കൈമാറും. ക്ഷേത്രത്തിനു മുന്നിലുള്ള പണ്ടാരയടുപ്പ് കത്തിക്കുന്നത് സഹമേൽശാന്തിയാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരം മാത്രമായി നടത്തുന്നതിനാൽ ക്ഷേത്രപരിസരത്ത് അടുപ്പുകളൊരുക്കാൻ ഇക്കുറി അനുവദിക്കില്ല. പണ്ടാരയടുപ്പിൽ തീ പകരുമ്പോൾ കരിമരുന്ന് പ്രയോഗമുണ്ടാകും. ഇത് അറിയിപ്പായി കണക്കാക്കി സമീപത്തെ വീടുകളിലൊരുക്കുന്ന അടുപ്പുകൾ കത്തിക്കാം. മറ്റുസ്ഥലങ്ങളിലുള്ള ഭക്തർക്ക് ക്ഷേത്രം അധികൃതർ അറിയിച്ചപ്രകാരം പൊങ്കാല ഒരുക്കാം. വൈകീട്ട് 3.40-ന് പൊങ്കാല നിവേദ്യം. വീടുകളിലൊരുക്കുന്ന പൊങ്കാല ഭക്തർക്ക് സ്വയം നിവേദിക്കാം. ക്ഷേത്രത്തിൽനിന്ന് ശാന്തിക്കാരെത്തി പൊങ്കാല നിവേദിക്കില്ല.

ദേവിവക കുത്തിയോട്ട ബാലനെ രാത്രി ഏഴരയോടെ ദേവീ സന്നിധിയിലെത്തിച്ച് ചൂരൽകുത്തും. തുടർന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. തട്ടംപൂജയും നിറപറയും പുഷ്പാഭിഷേകവും ഒഴിവാക്കിയിട്ടുണ്ട്. രാത്രി 11-ന് ദേവിയെ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിക്കും. ഞായറാഴ്ച രാത്രി 9.15-ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

ആറാം ഉത്സവ ദിവസമായ ബുധനാഴ്ച ദേവിയുടെ അനുഗ്രഹം തേടി നൂറുകണക്കിന് ഭക്തർ ആറ്റുകാലിലെത്തി. പൊങ്കാലയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ കൂടുതൽ ഭക്തർ ക്ഷേത്ര ദർശനത്തിനെത്തുമെന്ന കണക്കുകൂട്ടലിൽ പോലീസ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുടെ സേവനം വിപുലപ്പെടുത്തി. സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും.

കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കും

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ ക്ഷേത്ര പരിസരത്ത് വിന്യസിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ക്ഷേത്ര ദർശനത്തിനും മറ്റു ചടങ്ങുകൾക്കുമായി എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഉറപ്പുവരുത്തും. ക്ഷേത്രപരിസരത്തും ക്ഷേത്രത്തിനുള്ളിലും ഇവരുടെ കർശന നിരീക്ഷണമുണ്ടാകും.

അന്നദാനം നടക്കുന്ന ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും പ്രവേശിക്കുന്നതിനു മുൻപ് ഭക്തജനങ്ങളെ തെർമൽ സ്കാനിങ്ങിന് വിധേയരാക്കും. അന്നദാന ഹാളുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളിൽ മാത്രമേ ഭക്ഷണവിതരണം അനുവദിക്കുകയുള്ളൂ.

ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസർ നൽകുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ക്ഷേത്ര ഭരണസമിതി ഇക്കാര്യം ഉറപ്പുവരുത്തണം. പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. കൃത്യമായ ഇടവേളകളിൽ കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച ബോധവത്‌കരണ അറിയിപ്പുകൾ ക്ഷേത്രഭരണസമിതി നൽകണം.