നെയ്യാറ്റിൻകര : ബ്രിക്‌സ് രാജ്യങ്ങളുടെ യുവശാത്രി കോൺക്ലേവിൽ പങ്കെടുത്ത സുഭാഷിന്റെ അഭിമാനനേട്ടത്തിന് ജന്മനാടിന്റെ ആദരം. ഹെൽത്ത് കെയർ വിഭാഗത്തിൽ ഇന്ത്യയിൽനിന്നു പങ്കെടുത്ത അഞ്ച് യുവശാസ്ത്രജ്ഞരിൽ ഒരാളാണ് വ്ളാങ്ങാമുറി സ്വദേശിയായ എൻ.എൻ.സുഭാഷ്.

സുഭാഷിന്റെ അഭിമാനനേട്ടത്തിന് ഫ്രാൻ ആദരവൊരുക്കി. നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ ആദരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹെൽത്ത് കെയർ വിഭാഗത്തിൽ എൻജിനീയർ ആയി പ്രവർത്തിക്കുന്ന സുഭാഷ് ചെന്നൈ ഐ.ഐ.ടി.യിൽ നിന്ന് എം.ടെക് ബിരുദം നേടിയതിന് ശേഷം അവിടെ തന്നെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്.ഡി. ചെയ്യുകയാണ്. ശ്രീചിത്രയിൽ കാർഡിയോവസ്‌ക്കുലർ വിഭാഗത്തിൽ സ്റ്റെന്റ്, ഹൃദയവാൽവ് എന്നിവ വികസിപ്പിക്കുന്ന യൂണിറ്റിലെ അംഗമാണിപ്പോൾ. കഴിഞ്ഞമാസം ബെംഗളൂരുവിലാണ് ബ്രിക്‌സ് രാജ്യങ്ങളുടെ യുവശാത്രി കോൺക്ലേവ് നടന്നത്.

നെയ്യാറ്റിൻകര വ്ളാങ്ങാമുറി ജയലക്ഷ്മി ഭവനിൽ എൻ.എസ്.നീലകണ്ഠന്റെയും എൻ.അംബികയുടെയും മകനാണ്സുഭാഷ്.

ആദരിക്കൽ സമ്മേളനത്തിൽ ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി.നായർ അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ, ബി.ജെ.പി. എരിയാ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.