കടയ്ക്കാവൂർ : യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചശേഷം ബൈക്ക് തീവെച്ച് നശിപ്പിച്ച സംഘത്തിലെ ഒരാളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തു. മണമ്പൂർ പെരുങ്കുളം മിഷൻ കോളനി എ.എസ്.മൻസിലിൽ അനസ്(30) ആണ് അറസ്റ്റിലായത്.

21-ന് രാത്രി എട്ടുമണിയോടെ പെരുങ്കുളം ജങ്ഷനിലായിരുന്നു സംഭവം. ബൈക്കിൽ വരുകയായിരുന്ന വഞ്ചിയൂർ പട്ടള ഭുവനേശ്വരി ക്ഷേത്രത്തിനു സമീപം എസ്.എം. ഭവനിൽ യദുകൃഷ്ണ (21), ഇയാളുടെ സുഹൃത്ത് അഭിഷേക് എന്നിവർക്കുനേരേയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇരുമ്പുവടികൊണ്ട് ബൈക്കിന്റെ പെട്രോൾ ടാങ്ക് കുത്തിപ്പൊട്ടിച്ചശേഷം ബൈക്കിന് തീവെച്ച് കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കടയ്ക്കാവൂർ പോലീസ് സംഭവസ്ഥലത്തും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പരുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മറ്റ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പെരുങ്കുളം ജങ്ഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ്‌ പറഞ്ഞു. കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ. വി.അജേഷ്, എസ്.ഐ.മാരായ ദീപു എസ്., നസീറുദ്ദീൻ, എ.എസ്.ഐ.മാരായ ശ്രീകുമാർ, ജയകുമാർ, എസ്.സി.പി.ഒ. മാരായ സിയാദ്, ജ്യോതിഷ്, ജിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വിദേശമദ്യവുമായി അറസ്റ്റിൽ

കിളിമാനൂർ : അളവിൽ കൂടുതൽ വിദേശമദ്യം കൈവശംവച്ചയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി മടവൂർ ചേങ്കോട്ടുകോണം സ്വദേശി ജബ്ബാർ(63) ആണ് അറസ്റ്റിലായത്. കിളിമാനൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ കെ.സാജുവിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ആദർശ്, ഷെമീർ, എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.