വിഴിഞ്ഞം : മീൻപിടിത്ത ബോട്ടിൽ ചരക്ക് കപ്പലിടിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ബോട്ടിന്റെ മുൻഭാഗം തകർന്നു. തമിഴ്‌നാട് കുളച്ചൽ മേലേമണക്കുഴി സ്വദേശി അരുൾരാജ്(62), കുളച്ചൽ സ്വദേശി ജോൺ(46) എന്നിവർക്കാണ് പരിക്കേറ്റത്.

തമിഴ്‌നാട് കുളച്ചൽ-കൊട്ടിൽപാടി സ്വദേശി രാജാമണിയുടെ സിജുമോൻ-1 എന്ന ബോട്ടിലെ തൊഴിലാളികളാണ് ഇരുവരും. വെള്ളിയാഴ്ച അർധരാത്രിയോടെ കുളച്ചലിനും വിഴിഞ്ഞത്തിനുമിടയിൽ 20 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കൊളംബോയിലേയ്ക്ക് പോകുകയായിരുന്ന 'നേവിയസ്' എന്ന ചരക്കുകപ്പലിടിച്ചാണ് അപകടമുണ്ടായത്.

ബോട്ടിന്റെ അമരത്തിരുന്ന് ചൂണ്ടയിടുകയായിരുന്നു തൊഴിലാളികൾ. ബോട്ട് നങ്കൂരമിട്ടിരിക്കുന്നത് ശ്രദ്ധിക്കാതെ കടന്നുവന്ന കപ്പൽ, ബോട്ടിനെ ഇടിച്ചശേഷം കടന്നുപോകുകയായിരുന്നുവെന്നാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ കുളച്ചൽ കോസ്റ്റൽ പോലീസിന് നൽകിയ മൊഴി. തൊഴിലാളികൾ ബോട്ടിനുള്ളിലേക്കു തെറിച്ചുവീണു.

സംഭവത്തെ തുടർന്ന് മറ്റ് തൊഴിലാളികൾ സഹായം ആവശ്യപ്പെട്ട് ബോട്ടിലുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനത്തിലൂടെ തമിഴ്‌നാട് കോസ്റ്റ്‌ഗാർഡിന് സന്ദേശമയച്ചു. അതുവഴി കടന്നുപോകുകയായിരുന്ന തൂത്തുക്കുടി കോസ്റ്റ്ഗാർഡിന്റെ ചെറുകപ്പൽ ശൗര്യ സ്ഥലത്തെത്തി.

തുടർന്ന് പരിക്കേറ്റ രണ്ടുപേരെയും രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡിന്റെ ശൗര്യയിലേയ്ക് മാറ്റി. ഇരുവർക്കും അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകി.

വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. ഇവർ നാട്ടിലേക്കു മടങ്ങിയെങ്കിലും ശനിയാഴ്ച ഉച്ചയോടെ കുളച്ചൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കുളച്ചൽ കോസ്റ്റൽ പോലീസ് പറഞ്ഞു.

അപകടത്തിൽപ്പെട്ട ബോട്ടിനെയും അതിലുണ്ടായിരുന്ന 15 തൊഴിലാളികളെയും കുളച്ചൽ മേഖലയിലുള്ള മറ്റ് മീൻപിടിത്ത ബോട്ടുകളുടെ സഹായത്തോടെ കുളച്ചൽ തുറമുഖത്ത് പുലർെച്ചയോടെ എത്തിച്ചുവെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. ബോട്ടുടമയുടെയും തൊഴിലാളികളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്ന് കുളച്ചൽ കോസ്റ്റൽ എസ്.ഐ. ജോൺ കിൻസിലി പറഞ്ഞു.