പാറശ്ശാല : എക്‌സൈസ് സംഘത്തിന് കഞ്ചാവു വിൽപ്പന സംബന്ധിച്ച് വിവരം കൈമാറിയെന്ന സംശയത്തിൽ വീട് അടിച്ചു തകർക്കുകയും മോഷണം നടത്തുകയും ചെയ്ത സംഭവത്തിലെ രണ്ടു പ്രതികളെ പാറശ്ശാല പോലീസ് പിടികൂടി. നെടുവാൻവിള ആര്യശ്ശേരി ചിറക്കുളത്തിനു സമീപത്തെ മിഥുന്റെ വീട് അടിച്ചുതകർത്ത സംഭവത്തിൽ മുര്യങ്കര ചെക്കുമൂട് പാലക്കുഴി പുത്തൻവീട്ടിൽ ബിബിൻ(23), ബന്ധു ശാലു എന്നു വിളിക്കുന്ന അബിൻ(18) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രിയിലാണ് അക്രമിസംഘം രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിനുശേഷം പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു.
പിടിയിലായ രണ്ട് പ്രതികൾ കേരളാ തമിഴ്‌നാട് അതിർത്തിയിലെ ചെക്ക്മൂടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി റബ്ബർ തോട്ടം വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തി ഇവർ രക്ഷപ്പെടുവാൻ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.
പിടിയിലായ അബിന് പതിനെട്ട് വയസ്സ് തികഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തുടർന്ന് സ്‌കൂൾ രേഖകൾ പരിശോധിച്ച് പതിനെട്ട് വയസ്സ് പൂർത്തിയായി എന്ന് ഉറപ്പുവരുത്തിയശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
പിടിയിലായവർ ചിറക്കുളം, മുര്യങ്കര പ്രദേശങ്ങളിൽ ലഹരിമരുന്ന് ഉപയോഗിച്ചശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മോഷണം നടത്തുകയും ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഇവർക്കെതിരേ പരാതി നൽകുന്നവരുടെ വീടുകയറി ആക്രമിച്ച് അപായപ്പെടുത്തും. ഇവരെ ഭയന്ന് ആരും പോലീസിൽ പരാതി നൽകാറില്ലായെന്നും പോലീസ് അറിയിച്ചു. പാറശ്ശാല എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ. സലീംകുമാർ, എസ്.സി.പി.ഒ. അനിൽകുമാർ, സി.പി.ഒ. വിജയ വിനോദ്, രെജിത്ത് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.