വെള്ളറട : നമ്പർ പ്ലേറ്റ് പതിക്കാത്ത സ്‌കൂട്ടറിൽ കറങ്ങിനടന്ന് മലയോരമേഖലയിൽ കഞ്ചാവു വില്പന നടത്തുന്ന സംഘത്തിലെ നാലുപേർ വെള്ളറട പോലീസിന്റെ വലയിലായി. ഇവരുടെ പക്കൽനിന്ന് ഒന്നരക്കിലോ കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തു. കിളിയൂർ കാഞ്ഞിരംകോണം വിശാഖ് ഭവനിൽ വൈശാഖ് (21), സഹോദരൻ വൈശാഖ് (23), കുരവറയിൽ വാടകയ്ക്കു താമസിക്കുന്ന കുറ്റിച്ചൽ സ്വദേശി സോനു (22), മണ്ണാംകോണം തെക്കേക്കര അജി മന്ദിരത്തിൽ അഭിജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പാട്ടംതലയ്ക്കലിനു സമീപത്തുവെച്ചായിരുന്നു സംഭവം. സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയിലാണ് കഞ്ചാവും വടിവാൾ, വാക്കത്തി ഉൾപ്പെടെയുള്ള മാരാകയുധങ്ങളും സൂക്ഷിച്ചിരുന്നത്.