നെയ്യാറ്റിൻകര

: നെയ്യാറ്റിൻകര നഗരത്തെ പെരുങ്കടവിള, ആര്യങ്കോട് പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന അമരവിള-പെരുങ്കടവിള-ആര്യങ്കോട് റോഡിന്റെ നവീകരണം സ്തംഭിച്ചു. കോടികളുടെ കുടിശ്ശിക കിട്ടാതായതോടെ കരാറുകാരൻ പണികൾ ഉപേക്ഷിച്ചനിലയിലാണ്.

നാലുവർഷം മുൻപാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് അമരവിള മുതൽ ആര്യങ്കോട് പാലം വരെയുള്ള 12.5 കിലോമീറ്റർ റോഡ്‌ നവീകരണം തുടങ്ങിയത്. കിഫ്ബിയുടെ 26.92 കോടി രൂപ ചെലവിട്ട് ബി.എം.ബി.സി. (ബിറ്റുമിനസ് മെക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ്) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്.

റോഡ് നിർമാണത്തിന്റെ തുടക്കത്തിലേ കിഫ്ബി പണികൾ തടഞ്ഞു.

കുടിവെള്ള പൈപ്പും വൈദ്യുത കേബിളുകളും സ്ഥാപിക്കുന്നതിന് റോഡിന്റെ വശത്തായി യൂട്ടിലിറ്റി കോറിഡോർ സ്ഥാപിക്കാത്തതുകാരണമാണ് കിഫ്ബി നിർമാണം തടഞ്ഞത്. ഇതുകാരണം നിർമാണം മാസങ്ങളോളം സ്തംഭനത്തിലായി.

നിർമാണം പുനരാരംഭിച്ചപ്പോഴേക്കും കരാർ കാലാവധി കഴിഞ്ഞു. പിന്നീട് കരാർ കാലാവധി പുതുക്കി. റോഡുവക്കിൽ അപകടഭീഷണിയായുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനെച്ചൊല്ലിയും നിർമാണം തടസ്സപ്പെട്ടു.

ഇതിനിടെ രണ്ടുപ്രാവശ്യമായി ആറുകോടി രൂപയുടെ ബില്ല് കരാറുകാരൻ സമർപ്പിച്ചു. എന്നാൽ കിഫ്ബിയുടെ ഡിസൈൻ പ്രകാരമല്ല നിർമാണം നടത്തിയത്. തുടർന്ന് വീണ്ടും പണികൾ നിർത്തിവെപ്പിച്ചു.