നെടുമങ്ങാട് : നഗരസഭയുടെ ചില പ്രദേശങ്ങളിൽ മാലിന്യം തള്ളുന്ന സാമൂഹികവിരുദ്ധരുടെ എണ്ണം പെരുകുന്നു. നേരത്തെ രാത്രികളിലാണ് മാലിന്യം തള്ളിയിരുന്നതെങ്കിൽ ഇപ്പോൾ പകലും വാഹനങ്ങളിൽ കൊണ്ടു തള്ളുന്നുണ്ട്.

ജനവാസ കേന്ദ്രങ്ങളിലടക്കം വഴിയോരങ്ങളിൽ മാലിന്യം നിറയുന്നത് പതിവുകാഴ്ചയായി. പരിയാരം, കുഞ്ചം, പുളിഞ്ചി, എൽ.ഐ.സി. റോഡ്, കല്ലിങ്കൽ മുക്കോല റിങ്‌റോഡ്, കല്ലമ്പാറ മുളമുക്ക് രാജപാത റോഡ്, കോടതിക്കു പിന്നിലെ ടവർ റോഡ്, മുക്കോല സമാന്തരപാത തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് മാലിന്യം തള്ളുന്നത്.

'പരാതി പറഞ്ഞു മടുത്തു, ഇനി ആരോട് പറയാൻ...' ഇതാണ് മാലിന്യപ്രശ്നത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്. കോഴിക്കടകൾക്കും, കശാപ്പുകടകൾക്കും കൃത്യമായി ലൈസൻസും പരിശോധനകളും ഇല്ലാത്തതാണ് പ്രശ്‌നം സങ്കീർണമാകാൻ കാരണം. മാലിന്യസംസ്കരണത്തിന് ഒരു സംവിധാനങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന നൂറുകണക്കിന് കശാപ്പുകടകളുണ്ട്. ഇക്കാര്യത്തിൽ നഗരസഭയും പഞ്ചായത്തുകളും പുലർത്തുന്ന നിസംഗതയാണ് പ്രശ്നങ്ങൾക്ക് കാരണം. കരുപ്പൂര് റോഡിൽ കാക്കത്തോട് എന്നും മാലിന്യത്തിന്റെ പിടിയിലാണ്.

ഹോട്ടലുകൾ, വിവാഹമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് കൂടുതലായും ഇവിടെ തള്ളുന്നത്. ആനാട് ചുള്ളിമാനൂർ റോഡിലും മാലിന്യം തള്ളുന്നത് പതിവാണ്. പൊതുനിരത്തിൽ മാത്രമല്ല, നിരവധിസർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റവന്യൂ ടവറിന്റെ പരിസരവും മാലിന്യംനിറഞ്ഞ് ദുർഗന്ധപൂരിതമാണ്.