വിതുര : കാവലായി നിന്ന അമ്മയുടെ ജഡത്തിനരികെ കണ്ണീരോടെ ചുറ്റിനടന്നു ആ ആനക്കുട്ടി. കണ്ടുനിന്നവർക്കെല്ലാം അത് നൊമ്പരക്കാഴ്ചയായി. കല്ലാർ ഇരുത്തിയാറിനു സമീപം ചരിഞ്ഞ നിലയിൽ കണ്ട പിടിയാനയുടെ സമീപത്തുനിന്ന് ആ കുട്ടിയാന മാറിയില്ല. രാവിലെ മുതൽ കണ്ണീരോടെ അമ്മയ്ക്കു ചുറ്റും നടക്കുകയായിരുന്നു. ഇടയ്ക്കിടെ തുമ്പിക്കൈയും മുൻകാലുകളും കൊണ്ട് ‘ഉറങ്ങുന്ന’ അമ്മയെ ഉണർത്താനും ശ്രമിച്ചു. വനപാലകരെയും പോലീസിനെയും കണ്ടെങ്കിലും അമ്മയെ വിട്ടുമാറാൻ കൂട്ടാക്കാതെ ചേർന്നുനിന്നു.
കൂടിയ ആൾക്കാരുടെ ശബ്ദമോ ചുറ്റും നടക്കുന്ന ബഹളമോ ഒന്നും ശ്രദ്ധിക്കാതെയായിരുന്നു ആനക്കുട്ടിയുടെ നില. മൃതദേഹപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാകാതെ അധികൃതർ വലഞ്ഞു. ഒടുവിൽ കാപ്പുകാട് ആനസങ്കേതത്തിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു. ജെ.സി.ബി. ഉപയോഗിച്ച് റോഡിൽനിന്ന് 500 മീറ്റർ ദൂരത്തിൽ വഴിവെട്ടിയാണ് വാഹനം എത്തിച്ചത്.
അമ്മയ്ക്കു ചുറ്റും കറങ്ങിനിന്ന ആനക്കുട്ടിയെ ഒടുവിൽ മയക്കുവെടി വച്ചു. കയർ കെട്ടി വലിച്ചാണ് ആനസങ്കേതത്തിലേക്കുള്ള വാഹനത്തിൽ കയറ്റിയത്. മയങ്ങും മുൻപ് അവസാനമായി അമ്മയെ നോക്കിയ കുട്ടിയാനയ്ക്ക് ഇനി ആനസങ്കേതത്തിലെ കൂട്ടുകാർ തുണ.