വർക്കല : കേഡർ പാർട്ടിയെന്നാൽ സി.പി.എമ്മിനെ പോലെയിരിക്കുമെന്നും ആ സ്വഭാവം കോൺഗ്രസിന് ചേരില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നടയറയിൽ കോൺഗ്രസ് ടൗൺ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം. തീരുമാനങ്ങൾ നേരത്തേ തയ്യാറാക്കി പ്രഖ്യാപിക്കുകയും അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉൾപ്പാർട്ടി ജനാധിപത്യവും വെള്ളം ചേർക്കാത്ത മതേതര നിലപാടുകളും ഉൾപ്പെടുന്നതാണ് കോൺഗ്രസ് പാരമ്പര്യം. കോൺഗ്രസ് ഇനി പഴയപോലെ വെറും ആൾക്കൂട്ടമാകില്ല. പ്രവർത്തകരിലെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരികയും വീണ്ടും അധികാരത്തിലെത്തുകയും ചെയ്യുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

നടയറ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാൻ പനവിള അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, മുൻ എം.എൽ.എ. വർക്കല കഹാർ, കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം.ഷെഫീർ, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.എം.ബഷീർ, ജനറൽ സെക്രട്ടറി ബി.ഷാലി, ബ്ലോക്ക് പ്രസിഡന്റ് രഘുനാഥൻ, കൗൺസിലർമാരായ ഡോ. ഇന്ദുലേഖ, ബിന്ദു തിലകൻ, വി.ജോയി, മുൻ കൗൺസിലർ വൈ.ഷാജി, കെ.ഷിബു, സത്യജിത്ത് തുടങ്ങിയവർ സംസാരിച്ചു.